കോട്ടയം: പതിനാറിൽചിറ-മെഡിക്കൽ കോളജ് റൂട്ടിലെ 'ആർച്ച' ബസിൽ കയറുന്ന യാത്രക്കാർ അത്ഭുതപ്പെടും. കണ്ടക്ടറായി യുവതിയും ഡോർ ചെക്കറായി കൊച്ചു പെൺകുട്ടിയും. യുവതി, ബസോടിക്കുന്നയാളുടെ ഭാര്യയും പെൺകുട്ടി മകളുമാണെന്ന് തിരിച്ചറിയുന്നതോടെ അത്ഭുതം ഇരട്ടിയാവും. കാരാപ്പുഴ തൈപ്പറമ്പിൽ ടി.എസ്. സുനിൽകുമാറും ഭാര്യ രമ്യയും മൂത്ത മകൾ ആർച്ചയും ചേർന്നാണ് കോവിഡ് കാലത്ത് 'ആർച്ച' യെ 'കുടുംബസമേതം ട്രാവൽസ്' ആക്കിയത്.
22 വർഷമായി ബസ് സർവിസ് നടത്തുകയാണ് സുനിൽകുമാർ. കോവിഡും ലോക്ഡൗണും ആയതോടെ ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും ജോലിയില്ലാതായി. ഇവർ മറ്റു ജോലി തേടിപ്പോയതോടെ സുനിൽകുമാർ ഒറ്റക്ക് ബസ് ഇറക്കാൻ തീരുമാനിച്ചു. സ്റ്റാൻഡിൽനിന്ന് പുറപ്പെടുംമുേമ്പ ടിക്കറ്റ് കൊടുക്കും. ഇടക്ക് കയറുന്നവരിൽനിന്ന് ഡ്രൈവർ സീറ്റിലിരുന്നുതന്നെ ബസ് ചാർജ് വാങ്ങി. യാത്രക്കാർ കുറവായിരുന്നതിനാൽ വലിയ വരുമാനമൊന്നുമില്ലായിരുന്നു. ഓടാതെ കിടക്കുന്നതിലും നല്ലതല്ലേ എന്നുകരുതി നഷ്ടത്തിലും ഓടിച്ചു.
രണ്ടാമത്തെ ലോക്ഡൗൺ സമയത്താണ് സുനിൽകുമാറിെൻറ ബുദ്ധിമുട്ട് കണ്ടറിഞ്ഞ ഭാര്യ രമ്യ ആദ്യം കണ്ടക്ടർ വേഷമണിഞ്ഞെത്തിയത്. തൊട്ടുപിറകെ, പത്താംക്ലാസ് കഴിഞ്ഞ മകൾ ആർച്ചയും എത്തി. അങ്ങനെ കുടുംബസമേതം ട്രാവൽസ് സവാരി തുടങ്ങി. രാവിലെ 8.45നാണ് ആദ്യട്രിപ്പ്. വൈകീട്ട് ആറ് വരെ ഓടും.
ഒറ്റനമ്പർ ബസായതിനാൽ ഇപ്പോൾ ആഴ്ചയിൽ രണ്ടുദിവസമേ ഓടാനാവൂ. മുമ്പ് ദിവസവും 7000രൂപ വരെ കലക്ഷൻ ഉണ്ടായിരുന്നതായി സുനിൽകുമാർ പറയുന്നു. ചെലവും ശമ്പളവും കഴിഞ്ഞ് 2500 രൂപ മിച്ചം കിട്ടിയിരുന്നു. ലോക്ഡൗണിന് ശേഷം വരുമാനം 2500 രൂപയിലെത്തി. ഡീസൽ അടിച്ചാൽ പിന്നെ കാര്യമായൊന്നുമില്ല. അനുഷയാണ് സുനിൽകുമാറിെൻറ ഇളയമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.