കോട്ടയം: റോഡ് ഏത്, തോട് ഏത്, റോഡിലെ കുഴിയേത് എന്ന് തിരിച്ചറിയാനാവാത്ത ആശയക്കുഴപ്പത്തിലാണ് പനയക്കഴുപ്പ് - അണ്ണാൻകുന്ന് മേഖലയിലെ നൂറോളം കുടുംബങ്ങൾ. വാഹന ഗതാഗതം ദുഃസഹമായ റോഡിൽ മഴവെള്ളം കയറിയതോടെ സമീപത്തെ തോടും റോഡും സമാനമായി. ചുങ്കം ജങ്ഷനിൽ നിന്ന് നാഗമ്പടത്തേക്കും നഗരത്തിലേക്കും എത്താനുള്ള എളുപ്പവഴിയാണിത്. പ്രധാന റോഡിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കി നഗരത്തിലേക്ക് എത്താൻ ആശ്രയിക്കുന്ന റോഡിനാണ് ദുരവസ്ഥ. നഗരത്തിലെ മറ്റൊരു പ്രധാന ഇടറോഡായ ചെല്ലിയൊഴുക്കം റോഡ് വകുപ്പ് വെട്ടിപ്പൊളിച്ചതിനെ തുടർന്നുണ്ടായ കുഴി മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് വലിയ ചർച്ചകൾക്ക് വഴിവെക്കുകയും തുടർന്ന് നഗരസഭയുടെ നിർദ്ദേശം അനുസരിച്ച് ജല അതോറിറ്റി കോൺക്രീറ്റ് ചെയ്തുമാണ് പ്രശ്നം പരിഹരിച്ചത്.
ചെല്ലിയൊഴുക്കം റോഡിൽ തുടക്കത്തിൽ മെറ്റൽ വിരിച്ച് കുഴിയടച്ച് വകുപ്പ് കയ്യൊഴിയുകയും ഒറ്റമഴയിലെ വെള്ളമൊഴുക്കിൽ മെറ്റൽ ഒഴുകിപ്പോവുകയുമായിരുന്നു. എന്നാൽ പനയക്കഴുപ്പ് - അണ്ണാൻകുന്ന് റോഡിൽ കോൺക്രീറ്റ് ചെയ്യാതെ കെട്ടിടത്തിന്റെയും ടാറിന്റെയും അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് കുഴികൾ മൂടിയത്. റോഡ് മൂടിയ ശേഷമുള്ള കെട്ടിടാവശിഷ്ടങ്ങൾ സമീപത്തെ തോട്ടിലും റോഡിലുമായി കുന്നുകൂട്ടിയിട്ടിട്ടുണ്ട്. ഇവിടുത്തെ വളവിലെ ചെളിയിൽ നിരവധി ബൈക്ക് യാത്രികരും സൈക്കിൾ യാത്രികരുമാണ് ദിവസേന തെന്നിവീഴുന്നത്. പാൽ, പത്രം തുടങ്ങിയ അവശ്യസാധനങ്ങളുമായി എത്തുന്ന ഇരുചക്രവാഹനയാത്രികർ ജീവൻ പണയംവെച്ചാണ് റോഡിലൂടെ ദിവസേന കടന്നുപോകുന്നത്.
റോഡ് വെട്ടിപ്പൊളിച്ചും മണ്ണിട്ട് മൂടിയും ജല അതോറിറ്റിയുടെ ‘എന്റർടെയ്ൻമെന്റ്’
നഗരത്തിൽ അങ്ങോളമിങ്ങോളം ജലജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കാനെന്ന പേരിൽ ജല അതോറിറ്റി പനയക്കഴുപ്പ് - അണ്ണാൻകുന്ന് റോഡ് കുഴിച്ചതിന് കയ്യും കണക്കുമില്ല. മുനിസിപ്പാലിറ്റിയുടെ 13, 49 വാർഡുകളുടെ അതിർത്തിയിലാണ് ഈ റോഡ്. ഒന്നരവർഷം മുമ്പ് പൈപ്പ് സ്ഥാപിച്ചശേഷം മാസങ്ങളോളം റോഡ് പുനർനിർമിക്കാതെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് നൂറോളം വരുന്ന കുടുംബങ്ങളുടെ പരാതിയിൽ റോഡിലെ കുഴികൾ മണ്ണിട്ട് മൂടി വകുപ്പ് കയ്യൊഴിയുകയായിരുന്നു.
മൂന്നുമാസം മുമ്പ് വീണ്ടും ജല അതോറിറ്റി പതിവ് പ്രവൃത്തി ആവർത്തിച്ചു. രണ്ടാമതൊരു ലൈൻ കൂടി കുഴിക്കുന്നതിനായി വീണ്ടും റോഡ് കുത്തിപ്പൊളിച്ചു. നിലവിൽ പനയക്കഴുപ്പ് - അണ്ണാൻകുന്ന് റോഡിന് ഇരുവശവും ജലജീവൻ മിഷന്റെ രണ്ട് ലൈനുകളുടെ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ കുടുംബങ്ങൾക്ക് മാത്രമേ പുതിയ കണക്ഷനിലൂടെ വെള്ളം ലഭിക്കുന്നുള്ളൂ എന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഭൂരിഭാഗം ഉപഭോക്താക്കൾക്കും പഴയ കണക്ഷനിലൂടെയാണ് വെള്ളം ലഭിക്കുന്നത്. ഇതാകട്ടെ ഏത് സമയവും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന അവസ്ഥയിലാണ്. വെള്ളം റോഡിലേക്കൊഴുകി പാഴാകുന്നത് നാട്ടുകാർ പരാതിപ്പെടുമ്പോൾ ജല അതോറിറ്റി അധികൃതർ വാട്ടർടാങ്ക് പൂട്ടിയാണ് പരിഹാരം കണ്ടെത്തുന്നത്. റോഡ് ഉയർത്തി പുനർനിർമിക്കാമെന്ന വാക്കും പാഴ്വാക്കായി.
ഒരാൾപൊക്കത്തിൽ കുഴിയെടുത്ത് റോഡിനിരുവശവും വികൃതമാക്കിയശേഷം പൂർവസ്ഥിതിയിലാക്കാത്തത് വകുപ്പിന്റെ അനാസ്ഥായാണെന്നാണ് പരിസരവാസികളുടെ ആക്ഷേപം. പരാതി പറയാൻ ഇവരെ ബന്ധപ്പെട്ടാൽ ഫോൺ എടുക്കാറില്ലെന്നും പരാതിയുണ്ട്.
ജില്ലയിൽ മഴ കനത്തതോടെ മീനച്ചിലാറിന്റെ കൈവഴി ഒഴുകിയെത്തുന്ന തോട് വെള്ളം കവിഞ്ഞൊഴുകിയ നിലയിലാണ്. റോഡിനടിയിലെ കനാൽ, ചെളിയും മാലിന്യവും മൂലം മൂടിയതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും മീനച്ചിലാറിലെ ജലനിരപ്പ് ഉയർന്നതോടെ റോഡിലേക്ക് വെള്ളം കയറുകയുമായിരുന്നു.
ഒറ്റമഴയിൽ റോഡ് തോടാവുന്ന അവസ്ഥയാണ് നിലവിൽ പനയക്കഴുപ്പ് - അണ്ണാൻകുന്ന് റോഡിന്റേത്. പുതിയ കനാൽ നിർമിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പദ്ധതി എങ്ങുമെത്താതെ പോവുകയായിരുന്നു. മീനച്ചിലാറ്റിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമുള്ളവ കൈത്തോടിലൂടെ റോഡ് കടന്ന് ചതുപ്പുനിലത്തിലേക്കാണ് ചെന്നെത്തുന്നത്. പുല്ലും കാടും തിങ്ങിവളർന്നുനിൽക്കുന്ന ഇവിടെ പ്ലാസ്റ്റിക് മാലിന്യവും എത്തുന്നതോടെ പരിസ്ഥിതി മലിനീകരണം രൂക്ഷമാകുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.