കോട്ടയം: പൂർണമായി സഞ്ചാരയോഗ്യമാക്കാതെ കാരിത്താസ്-അമ്മഞ്ചേരി റോഡ് ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധം. കേരള കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തിയും മേൽപാലത്തിൽ കറുത്ത കൊടി കെട്ടിയുമാണ് പ്രതിഷേധിച്ചത്.
സർക്കാറിന്‍റെ ഒന്നാം വർഷ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കാരിത്താസ്-അമ്മഞ്ചേരി റോഡിന്‍റെ ഉദ്ഘാടനം നടത്തി എൽ.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും പൊതുജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നെന്ന് സമരം ഉദ്ഘാടനം ചെയ്ത് പാർട്ടി ഉന്നതാധികാര സമിതിഅംഗം അഡ്വ. പ്രിൻസ് ലൂക്കോസ് പറഞ്ഞു.
മൂന്ന് വർഷമായി ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ട്. കാൽനടക്കാർക്കുപോലും ഇതുവഴി യാത്രചെയ്യാൻ സാധിക്കുന്നില്ല. മേൽപാലത്തിന് 200മീറ്റർ അകലെ ഉള്ളവർപോലും നാലുകി.മീ. അധികം സഞ്ചരിച്ചുവേണം വീടുകളിൽ എത്താൻ. അപ്രോച്ച് റോഡ് നിർമിക്കാൻ ആവശ്യമായ നടപടി ഉടൻ പൂർത്തീകരിച്ച് പാലവും റോഡും യാത്രയോഗ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് മേൽപാലത്തിൽ പ്രതിഷേധ സൂചകമായി അപായചിഹ്നം കറുത്തതുണിയിൽ സ്ഥാപിച്ചു.
മണ്ഡലം പ്രസിഡന്‍റ് തോമസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ധർണയിൽ പാർട്ടി ഉന്നതാധികാര സമിതി അംഗം ജയ്സൺ ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്‍റ് പി.സി. പൈലോ, സംസ്ഥാന ജനറൽ സെക്രട്ടറി മൈക്കിൾ ജയിംസ്, സ്റ്റിയറിങ് കമ്മിറ്റി അംഗം സാബു പീടിയേക്കൽ, മീഡിയ കോഓഡിനേറ്റർ ബിനു ചെങ്ങളം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.