കോട്ടയം: ഉൽപാദനം നാമമാത്രമായിട്ടും റബർ വിലയിൽ വീണ്ടും ഇടിവ്. ആർ.എസ്.എസ് നാല് ഗ്രേഡിന് കിലോക്ക് 229 രൂപയായിട്ടാണ് കുറഞ്ഞത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ റബർ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. 247 രൂപയായിരുന്നു അന്നത്തെ റബർ ബോർഡ് വില. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആർ.എസ്.എസ് നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു അതുവരെ ലഭിച്ച ഏറ്റവും ഉയർന്ന നിരക്ക്. ഇതാണ് മടികടന്നത്. ഈ സമയങ്ങളിൽ റബർ ഷീറ്റിന് ക്ഷാമം രൂക്ഷമായതോടെ 255 രൂപക്കുവരെ കോട്ടയം മാർക്കറ്റിൽ വ്യാപാരം നടന്നിരുന്നു. എന്നാൽ, പിന്നീട് വില താഴുകയായിരുന്നു.
വ്യാപാരികളുടെയും കർഷകരുടെയും കൈവശമുള്ള സ്റ്റോക്ക് വിറ്റഴിക്കാൻ വ്യവസായികൾ സമ്മർദം ചെലുത്തിയതോടെയാണ് വില ഇടിഞ്ഞത്. ഇതിനു പിന്നാലെ ടയർ കമ്പനികൾ ഇറക്കുമതിക്കായി ബുക്ക് ചെയ്തിരുന്ന ചരക്ക് എത്തുകകൂടി ചെയ്തതോടെ വില പിന്നെയും ഇടിഞ്ഞു. കണ്ടെയ്നര്‍-കപ്പല്‍ ലഭ്യത കുറഞ്ഞതോടെയാണ് റബര്‍ ഇറക്കുമതി നിലച്ചത്. അടുത്തിടെ കണ്ടെയ്നര്‍ ക്ഷാമത്തിന് അയവ് വന്നതോടെ ടയർ കമ്പനികൾ റബർ ഇറക്കുമതി വീണ്ടും സജീവമാക്കുകയായിരുന്നു. ഇതാണ് വിലയിടിവിലേക്ക് നയിച്ചത്.
അതേസമയം, മഴ തുടരുന്നതിനാൽ വ്യാപകമായി ടാപ്പിങ് ആരംഭിച്ചിട്ടില്ല. നിലവിൽ മഴമറയിട്ട തോട്ടങ്ങളിൽ മാത്രമാണ് ടാപ്പിങ് നടത്തുന്നത്. സെപ്റ്റംബർ രണ്ടാം വാരംവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണം. ടയർ കമ്പനികൾ മാത്രമല്ല ക്രബ് വ്യവസായികളും ഒട്ടുപാലിന് വിലയിടിച്ച് കർഷകരെ ചൂഷണം ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്. കിലോക്ക് 155 രൂപ വരെ ഉയർന്ന ഒട്ടുപാലിന് വില 100ന് അടുത്താണ് നിലവിൽ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.