കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് തദ്ദേശവകുപ്പ് സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ അന്വേഷിക്കും. ഇതിനായി 30 മുതൽ ഇദ്ദേഹം നഗരസഭയിലെത്തും. 2019 ഏപ്രിൽ മുതൽ ഈ വർഷം ജൂലൈവരെ ബന്ധപ്പെട്ട സെക്ഷനുകൾ കൈകാര്യം ചെയ്തിരുന്ന ക്ലർക്ക്, അക്കൗണ്ടന്റ്, ജൂനിയർ സൂപ്രണ്ട്, സെക്രട്ടറിയുടെ പി.എ, സെക്രട്ടറി എന്നിവരോട് പരിശോധകസംഘം ആവശ്യപ്പെടുന്ന മുറക്ക് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇക്കാര്യം സെക്രട്ടറി ഉറപ്പുവരുത്തണം. ആ ദിവസങ്ങളിൽ നിലവിൽ ബന്ധപ്പെട്ട സെക്ഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കരുത്. പെൻഷൻ ഫണ്ട് അലോട്മെന്റ് രജിസ്റ്റർ, പെൻഷൻ വാങ്ങുന്നവരുടെ സർവിസ് ബുക്ക്, ട്രഷറി ബിൽ ബുക്ക്, ബാങ്ക് പാസ് ബുക്ക്, അക്കൗണ്ട് തുടങ്ങി 18 ഇനം രജിസ്റ്ററുകളും ഫയലുകളും ഹാജരാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി നഗരസഭക്ക് അയച്ച അടിയന്തര കത്തിൽ നിർദേശിച്ചിട്ടുണ്ട്. ഈ മാസം ഏഴിനാണ് നഗരസഭയിലെ മുൻ ജീവനക്കാരൻ അഖിൽ സി. വർഗീസ് 2.5 കോടി പെൻഷൻ ഫണ്ടിൽനിന്ന് തട്ടിയടുത്തതായി കണ്ടെത്തിയത്. വൈക്കം നഗരസഭയിൽ ജോലി ചെയ്തിരുന്ന പ്രതി വിവരം പുറത്തുവന്നതോടെ ഒളിവിലാണ്. തുടർന്ന് ഇയാളെയും കൃത്യവിലോപം കാണിച്ചതിന് മൂന്ന് ജീവനക്കാരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സെക്രട്ടറിയുടെ പി.എക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പി.എ സെക്രട്ടറിക്ക് മറുപടി നൽകിയിട്ടുണ്ട്. വിശദീകരണമടക്കം ചേർത്ത് റിപ്പോർട്ട് സെക്രട്ടറി അടുത്ത ദിവസം വകുപ്പിന് കൈമാറും. പി.എക്കെതിരെ നടപടിയെടുക്കാൻ അധികാരം സർക്കാറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.