കങ്ങഴ: പത്തനാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്രഷറിൽനിന്ന് മഴയത്ത് മലിനജലം ഒഴുകി വ്യാപക നാശം. കങ്ങഴ മഹാദേവക്ഷേത്രം ഭാഗത്തെ നിരവധി ആളുകളാണ് ബുദ്ധിമുട്ടിലായത്. പത്തനാട് കുന്നിൻമുകളിൽ പ്രവർത്തിക്കുന്ന കരിമല ക്രഷർ യൂനിറ്റിൽ നിന്നാണ് ലക്ഷക്കണക്കിന് ലിറ്റർ മലിനജലം വെള്ളിയാഴ്ച പെയ്ത മഴയിൽ ഒഴുകി ജനവാസകേന്ദ്രത്തിലെത്തിയത്. നിരവധി വീടുകളുടെ മതിൽ, മുറ്റം, കൃഷിയടങ്ങൾ, റോഡ് തുടങ്ങിയവ തകർന്നു.
ഗോകുലത്തിൽ എം.ജി. പ്രതാപന്റെ വീടിന്റെ മതിൽ തകർന്നു. ചിറ്റേട്ട് സി.എസ്. രാജന്റെ കൃഷിയിടത്തിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി. പൂന്തല രാധാകൃഷ്ണൻ, ഓമന പ്രേംകുമാർ, കെ.എം.പി.സി. നായർ തുടങ്ങിയവരുടെ കൃഷിയിടങ്ങൾക്കും പുരയിടത്തിനും നാശനഷ്ടമുണ്ടായി. വെള്ളം കുത്തിയൊഴുകി കങ്ങഴ ക്ഷേത്രം റോഡിലെ ടാറിങ്ങും മെറ്റലുമടക്കം ഇളകിപ്പോയി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി.
കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം
ക്രഷറിൽ പാറപ്പൊടിയും മറ്റും കഴുകിയ ശേഷം മിച്ചംവരുന്ന വെള്ളം മറ്റൊരു പാറക്കുളത്തിൽ കെട്ടിക്കിടക്കുകയാണ്. രാസമാലിന്യങ്ങളടക്കം കലർന്ന വെള്ളം വലിയമഴയിൽ നിറഞ്ഞ് ഇവിടെ നിന്ന് ഒഴുകിയെത്തും. തോട്ടിലും കൃഷിയങ്ങളിലും പാൽ നിറത്തിലുള്ള വെള്ളമാണ് എത്തുന്നത്. കൃഷിയിടത്തിലെത്തിയാൽ വാഴ, കപ്പ, ചേന തുടങ്ങിയവ വാടുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി തോട്ടങ്ങളിലെ മതിലുകളും കൃഷിയും മുമ്പും നശിച്ചിട്ടുണ്ട്. അധികൃതർക്ക് പലവട്ടം പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.