കോട്ടയം: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസമിൽനിന്ന് വില്പനക്കായി ട്രെയിൻ മാർഗം 1.950 കിലോ കഞ്ചാവുമായി കോട്ടയത്ത് എത്തിയ അസം സ്വദേശി നൂർ ഇസ്ലാം ഷേഖിനെയാണ് (43) എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവും പിടികൂടിയത്.
എക്സൈസ് കമീഷണർ സ്ക്വാഡ് അസി. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ഓപറേഷനിലാണ് പ്രതി പിടിയിലായത്. ഇയാളുടെ മൊബൈൽടവർ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതി കോട്ടയത്ത് പലസ്ഥലത്തും തങ്ങുന്നതായും ഇടക്കിടക്ക് അസമിലേക്ക് പോകുന്നതായും അവധി ദിവസങ്ങൾ കണക്കാക്കി കഞ്ചാവുമായി തിരികെവരുന്നതെന്നും മനസ്സിലായി.
അസമിൽനിന്ന് കഞ്ചാവുമായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്രധാനകവാടം ഒഴിവാക്കി റെയിൽവേ സ്റ്റേഷന്റെ പിൻവശത്തുകൂടി രക്ഷപ്പെടുകയായിരുന്നു ഇയാളുടെ പതിവ്. ഞായറാഴ്ച രാത്രി കഞ്ചാവുമായി റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തുകൂടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മഫ്തിയിൽ കാത്തുനിന്ന എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
നഗരത്തിലെ ഇതരസംസ്ഥാനക്കാരായ വിൽപനക്കാർക്ക് മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വിൽക്കുന്ന കണ്ണികളിൽ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ അൽഫോൻസ് ജേക്കബ്, പ്രിവന്റിവ് ഓഫിസർ കെ.ആർ. ബിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ രജിത് കൃഷ്ണ, എസ്. നിമേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.