കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡിൽനിന്ന് മണ്ണെടുത്തതു സംബന്ധിച്ച് വ്യാഴാഴ്ച കൗൺസിൽ യോഗത്തിൽ വെച്ച റിപ്പോർട്ട് അപൂർണം. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗം ബസ് സ്റ്റാൻഡിൽനിന്ന് നഷ്ടമായ വസ്തുവകകളുടെ റിപ്പോർട്ട് വെക്കാൻ എൻജിനീയറിങ് വിഭാഗത്തോടു നിർദേശിച്ചിരുന്നു.
ഇതു പ്രകാരമാണ് റിപ്പോർട്ട് വെച്ചത്. എന്നാൽ റിപ്പോർട്ടിൽ മുഴുവൻ വിവരങ്ങളില്ലെന്നും നഷ്ടപ്പെട്ട മണ്ണിന്റെ അളവ് ശരിയല്ലെന്നും കൗൺസിലർമാർ പറഞ്ഞു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് നാലിന് വീണ്ടും സ്ഥലം പരിശോധിക്കാൻ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി.
ഇവർക്കൊപ്പം സെക്രട്ടറിയും കൗൺസിലർമാരും ഉണ്ടാകും. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകണം. മൈതാനം കയ്യേറിയെന്ന് ആരോപണമുള്ളതിനാൽ സ്ഥലം അളന്നുതിരിച്ച് വേലി കെട്ടും. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തി. അനധികൃതമായി മണ്ണെടുത്ത കരാറുകാരന് നോട്ടീസ് നൽകാനും പൊലീസിൽ പരാതി നൽകാനും തീരുമാനിച്ചു. ബസ് സ്റ്റാൻഡ് അളന്നുതിരിച്ചുകഴിഞ്ഞാൽ താൽക്കാലികമായി പേ ആൻഡ് പാർക്കിങ്ങിന് നൽകും. ബസ് ബേ പുനരാരംഭിക്കുന്ന കാര്യവും പരിഗണിക്കും.
റോട്ടറി ക്ലബിന്റെ ശൗചാലയം പൊളിച്ചുമാറ്റാനും ആവശ്യപ്പെടും. ബുധനാഴ്ച നടത്തിയ പരിശോധനയിൽ 1,24,249 രൂപ മൂല്യമുള്ള 447 ക്യുബിക് മീറ്റർ മണ്ണ് കടത്തിയതായാണ് കണ്ടെത്തിയത്. ബസ് സ്റ്റാൻഡിലെ പത്ത് പോസ്റ്റുകളിൽ നിന്നായി ഡബിൾ ട്യൂബ്സെറ്റുകൾ കാണാതായി. അനധികൃതമായി മണ്ണു നീക്കിയ സ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങൾ നിറച്ചു നിരപ്പാക്കി. എം.സി. റോഡിന്റെ ഭാഗത്ത് ആറു മീറ്റർ വീതിയിൽ മണ്ണു നീക്കി.
ഇവിടെയും കെട്ടിടാവശിഷ്ടങ്ങൾ നിറച്ചു. സ്റ്റാൻഡിനകത്ത് കെട്ടിടത്തിന്റെ ഒരു ഭാഗം കൂടി പൊളിക്കാനുണ്ട്. എന്നാൽ 447 ക്യുബിക് മീറ്ററിനേക്കാൾ കൂടുതൽ മണ്ണ് കടത്തിയിട്ടുണ്ടെന്ന് കൗൺസിലർമാർ വാദിച്ചു. നഗരസഭ അധികൃതർ സ്ഥലം സന്ദർശിക്കാതെ റിപ്പോർട്ട് തട്ടിക്കൂട്ടിയതാണെന്നും ആരോപണമുയർന്നു. കരാറുകാരനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കണമെന്നും ആവശ്യമുയർന്നു.
കോട്ടയം: രാജധാനി ഹോട്ടൽ പ്രവർത്തിച്ചിരുന്ന നഗരസഭ കെട്ടിടത്തിലെ എടുപ്പുകൾ പൊളിച്ചുമാറ്റാൻ വീണ്ടും തീരുമാനം. എടുപ്പുകളിലൊന്ന് വീണ് ലോട്ടറിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ഇവ പൊളിക്കാൻ തീരുമാനിച്ചിരുന്നു.
ഒന്നര ലക്ഷം രൂപക്കാണ് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. തുക കൂടുതലാണെന്ന് അഭിപ്രായം ഉയർന്നതോടെ സ്വന്തം നിലക്ക് നഗരസഭ പൊളിക്കാൻ ധാരണയായി. 25,000 രൂപ പൊളിക്കുന്നയാൾക്ക് നൽകിയിരുന്നു. എന്നാൽ ഈ തുക മതിയാവില്ലെന്ന് വന്നതോടെ കരാറുകാരൻ ഉപേക്ഷിച്ചുപോയി. ഇതോടെയാണ് വീണ്ടും നഗരസഭ തന്നെ പൊളിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.