മൂന്നാർ: ആഗസ്റ്റിൽ കുണ്ടളയിലെ പുതുക്കടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് ശനിയാഴ്ച വൈകീട്ടും ഉരുൾപൊട്ടിയത്. മൂന്നു വാഹനത്തിലായി കോഴിക്കോട് വടകരയിൽനിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിലുള്ളവർ സഞ്ചരിച്ച വാഹനത്തിനരികിലേക്കാണ് ഉരുൾപൊട്ടലിനെ തുടർന്നുള്ള മണ്ണും കല്ലും ഒഴുകിയെത്തിയത്.
വട്ടവട സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു ഇവർ. പെട്ടെന്ന് മുകളിൽനിന്ന് മലവെള്ളം കുത്തിയൊലിച്ചതോടെ മുന്നിൽ വന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നാലെ ഉണ്ടായിരുന്ന വാഹനങ്ങളിലെ സഞ്ചാരികളും നാട്ടുകാരും ഉടൻ പുറത്തിറങ്ങി അപകടത്തിൽപെട്ട വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ആദ്യമുണ്ടായിരുന്ന ടെമ്പോ ട്രാവലറിൽ യാത്ര ചെയ്ത സഞ്ചാരിയെയാണ് കാണാതായതെന്നാണ് വിവരം.
സംഭവം അറിഞ്ഞ ഉടൻ റവന്യൂ വകുപ്പ്, പൊലീസ്, അഗ്നിരക്ഷ സേന എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ദേവികുളം സബ് കലക്ടർ രാഹുൽകൃഷ്ണ ശർമ സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥലത്ത് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വട്ടവട, ടോപ് സ്റ്റേഷൻ സന്ദർശിക്കാൻ പോയി മടങ്ങിവരുന്നവരെ സുരക്ഷിതമായി എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ച് കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടത്. ശനിയാഴ്ച ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. രാവിലെ മുതൽ മൂന്നാറിലും പരിസരങ്ങളിലും കനത്ത മഴയാണ് പെയ്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.