കോട്ടയം: തിരുനക്കരയിൽ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം നിർമിക്കുന്ന കാര്യം ത്രിശങ്കുവിലായെങ്കിലും കോടിമതയിൽ നഗരസഭ ഓഫിസ് കോംപ്ലക്സ് കെട്ടിടം നിർമിക്കാൻ ചെലവാക്കിയ 10 ലക്ഷം രൂപ പാഴായെന്നുറപ്പായി.
കെട്ടിടം വന്നില്ലെന്നുമാത്രമല്ല ബാക്കി തുകകൂടി ആവശ്യപ്പെട്ട് പ്ലാൻ തയാറാക്കിയ ഏജൻസി കോടതിയെ സമീപിച്ചിരിക്കുകയാണ്. തുക നൽകേണ്ടെന്നും ഹൈകോടതിയിൽ അപ്പീൽ നൽകാനുമാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം.
2010-15 ഭരണസമിതിയുടെ കാലത്ത് ഇപ്പോഴത്തെ കൗൺസിലർ എം.പി. സന്തോഷ് കുമാർ ചെയർമാനായിരിക്കവെയാണ് കോട്ടയം മുനിസിപ്പാലിറ്റിയുടെ ആസ്ഥാനം കോടിമതയിലേക്ക് മാറ്റാൻ ആശയം ഉയരുന്നത്. അഞ്ചുവർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് 2016-17 ബജറ്റിൽ 1.75 കോടിവക കൊള്ളിച്ചു. 2019-20 ലെ ബജറ്റിൽ കെട്ടിടനിർമാണം ആ വർഷം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്.
ഇതിനായി പ്ലാൻ ഫണ്ടും കേരള അർബൻ റൂറൽ ഡെവലപ്പെന്റ് ഫിനാൻസ് കോർപറേഷൻ (കെ.യു.ആർ.ഡി.എഫ്.സി) വായ്പയും ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നു. കെട്ടിടസമുച്ചയത്തിന്റെ പ്ലാൻ, സ്ട്രക്ചറൽ ഡിസൈൻ, ഡീറ്റെയിൽഡ് എസ്റ്റിമേറ്റ്, സൂപ്പർ വിഷൻ എന്നിവ ചെയ്യുന്നതിന് ആൻസൺ ഗ്രൂപ് ആർക്കിടെക്ടിനെ തെരഞ്ഞെടുത്തു.
ഇവരുമായി കരാർ ഒപ്പിടുകയും ചെയ്തു. സ്കെച്ച് ഡിസൈനും സ്ട്രക്ചറൽ ഡിസൈനും സമർപ്പിച്ച ശേഷം 9,93,978 ലക്ഷം രൂപ ആൻസൺ ഗ്രൂപ്പിന് കൈമാറി. എന്നാൽ, ഇവർ നൽകിയ മണ്ണുപരിശോധന റിപ്പോർട്ട് അംഗീകൃത എൻജിനീയറിങ് കോളജിൽനിന്നുള്ളതായിരുന്നില്ല. ഇതിന്റെ പേരിൽ ബാക്കി തുക നൽകിയിരുന്നില്ല. സ്ട്രക്ചറൽ ഡിസൈൻ സമർപ്പിച്ചതിന് 26, 06,431 ലക്ഷം രൂപയുടെ ബില്ലാണ് ആൻസൺ ഗ്രൂപ് നൽകിയത്.
ഇതിൽ നേരത്തേ നൽകിയ 9,93,978 ലക്ഷം കഴിഞ്ഞ് ബാക്കി 16, 12,453 ലക്ഷം രൂപ നൽകണമെന്നാണ് ആൻസൺ ഗ്രൂപ്പിന്റെ ആവശ്യം. ഹൈകോടതിയിൽ ആദ്യം നൽകിയ കേസിൽ വിഷയം സ്റ്റിയറിങ് കമ്മിറ്റിയോട് തീരുമാനിക്കാൻ വിധി ഉണ്ടായിരുന്നു. 2023 മാർച്ച് 16നു ചേർന്ന സ്റ്റിയറിങ് കമ്മിറ്റി തുക നൽകേണ്ട എന്നു തീരുമാനിച്ചു.
ആൻസൺ ഗ്രൂപ് വീണ്ടും ഹൈകോടതിയെ സമീപിക്കുകയും ഫെബ്രുവരി 27ന് സ്റ്റിയറിങ് കമ്മിറ്റിക്ക് വിട്ട് ഉത്തരവാകുകയും ചെയ്തു. സ്റ്റിയറിങ് കമ്മിറ്റി പരാതിക്കാരന് പറയാനുള്ളതു കേട്ടതിന്റെ അടിസ്ഥാനത്തിൽ തീരുമാനം കൗൺസിലിന് വിട്ടിരിക്കുകയാണ്.
ബുധനാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. കോടിമതയിൽ കെട്ടിടം പണിയാനാവില്ലെന്നാണ് ഒരു വിഭാഗം കൗൺസിലർമാർ പറയുന്നത്. പാടശേഖരമായിരുന്ന, ഉറപ്പില്ലാത്ത മണ്ണിൽ നിലവിൽ പണിത കെട്ടിടങ്ങളെല്ലാം ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ക്രമക്കേടും ആരോപിക്കപ്പെടുന്നുണ്ട്.
നഗരം കോടിമതയിലേക്കു വികസിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം അവിടെ നിർമിക്കാൻ ആലോചിച്ചതെന്നും രൂപരേഖക്ക് അനുമതി ലഭ്യമാകാത്തതിനു പിന്നിൽ ചിലരുടെ ഇടപെടലുണ്ടെന്നുമാണ് സന്തോഷ് കുമാറിന്റെ ആരോപണം.
തിരുനക്കര ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽനിന്നൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ പുനരധിവാസം സംബന്ധിച്ച വിഷയം ബുധനാഴ്ച ചേരുന്ന കൗൺസിലിൽ വീണ്ടും. പല കൗൺസിലുകളിൽ അജണ്ടയായി വെച്ചിട്ടും ചർച്ചക്കെടുത്തിരുന്നില്ല. അനാവശ്യ ചർച്ചകൾ കാരണം അജണ്ട എടുക്കുമ്പോഴേക്കും സമയം തീരാറാണു പതിവ്. ഇത്തവണ തീരുമാനം ഉണ്ടാകുമോയെന്ന് കണ്ടറിയണം. 100 അജണ്ടകളിൽ 41 ാമതായാണ് വിഷയം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.