കോട്ടയം: ഒരാളുടെ മരണത്തിന് ഇടയാക്കിയ തിരുനക്കരയിലെ രാജധാനി ഹോട്ടലിലെ ജനലിനു മുകളിലെ കോൺക്രീറ്റ് നിർമിതികൾ പൊളിച്ചുതുടങ്ങി. ഈ ഭാഗം ഷീറ്റിട്ടു മറച്ച് തട്ട് അടിച്ചശേഷമാണ് പൊളിക്കുന്നത്. കയർകെട്ടി ഇവിടെ നടപ്പാതയിലെ പ്രവേശനം വിലക്കിയിട്ടുണ്ട്. മള്ളൂശേരി സ്വദേശിയാണ് കരാറെടുത്തത്. രാത്രി മാത്രമാണ് പൊളിക്കൽ. രണ്ടു ദിവസത്തോടെ തീർക്കാനാകുമെന്നാണു കരുതുന്നത്. നഗരസഭയുടെ ചെലവിലാണ് പൊളിക്കൽ. 1.5 ലക്ഷം രൂപ ഇതിനായി എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നു. കഴിഞ്ഞ ദിവസം കലക്ടർക്കും പൊലീസിനും ഇതു സംബന്ധിച്ച് നഗരസഭ കത്ത് നൽകിയിരുന്നു. 10 നിർമിതികളാണ് ആർച്ച് രൂപത്തിൽ കെട്ടിടത്തിലെ ജനാലയുടെ മുകളിൽ റോഡിന് അഭിമുഖമായുള്ള ഭാഗത്തുണ്ടായിരുന്നത്. ഇതിലൊന്നു വീണാണ് ലോട്ടറിക്കടയിലെ ജീവനക്കാരൻ മരിച്ചത്. ബാക്കി ഒമ്പത് നിർമിതികളാണ് പൊളിക്കുന്നത്.
പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി
രാജധാനി ഹോട്ടൽ കെട്ടിടത്തിൽനിന്ന് കോൺക്രീറ്റ് നിർമിതി വീണ് ഒരാൾ മരിച്ച സംഭവത്തിൽ മുനിസിപ്പൽ സെക്രട്ടറി പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. കെട്ടിടം മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2017 ഏപ്രിൽ 28ന് നൽകിയ കൗൺസിൽ അനുമതിയുടെ പുറത്ത് വാടകക്കാരൻ ജോയന്റ് ഇല്ലാതെ എടുപ്പുകൾ നിർമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ നിർമാണപ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് താൻ പൂർണ ഉത്തരവാദിയായിരിക്കുമെന്നു കാട്ടി ലൈസൻസി സത്യവാങ്മൂലം നൽകിയിരുന്ന കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തിരുനക്കര സ്റ്റാൻഡ് അടച്ചു
തിരുനക്കര ബസ് സ്റ്റാൻഡിലേക്ക് ബസുകളുടെ പ്രവേശനം നിരോധിച്ചു. ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി. സ്റ്റാൻഡിൽ വഴിയോരക്കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു. മെഡി. കോളജ്, ഏറ്റുമാനൂർ ബസുകൾ സ്റ്റാൻഡിലേക്കു കയറാതെ പോസ്റ്റ് ഓഫിസ് റോഡ് വഴി നേരെ പോയി ബേക്കർ ജങ്ഷനിൽ യാത്രക്കാരെ ഇറക്കികയറ്റും. കിഴക്കൻമേഖലയിൽനിന്നും ചിങ്ങവനം ഭാഗത്തുനിന്നും വരുന്ന ബസുകൾ നേരെ ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം സ്റ്റാൻഡിലേക്കു പോകും. രാജധാനി ഹോട്ടൽ കെട്ടിടത്തിൽനിന്ന് സ്ലാബ് വീണ് ഒരാൾ മരിച്ച സാഹചര്യത്തിൽ, തിരുനക്കരയിലെ ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലാണെന്നും ആളുകളെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി പൊലീസിനു കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബസുകളുടെ പ്രവേശനം തടഞ്ഞത്. അതേസമയം, പൊളിക്കുന്ന കാര്യത്തിൽ ചൊവ്വാഴ്ച യോഗം ചേർന്നെങ്കിലും തീരുമാനമായിട്ടില്ല. സെക്രട്ടറി ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികൾക്കായി ഡൽഹിയിലാണ്. അദ്ദേഹം തിരിച്ചെത്തിയ ശേഷമായിരിക്കും തീരുമാനമാകുക. കൊല്ലം കേന്ദ്രമായ കമ്പനിയാണ് പൊളിക്കാൻ ലേലം പിടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.