കോട്ടയം: ജില്ല ആശുപത്രിയിലെ ശസ്ത്രക്രിയ തിയറ്റർ അറ്റകുറ്റപ്പണിക്കായി തിങ്കളാഴ്ച മുതൽ താൽക്കാലികമായി പൂട്ടുന്നു. ഇലക്ട്രിക്കൽ, സിവിൽ വർക്കുകൾ നടത്താനാണ് തിയറ്റർ പൂട്ടുന്നത്. ഒരു തിയറ്ററാണ് ആശുപത്രിയിലുള്ളത്. 18 ദിവസത്തെ പണിയാണ് പറയുന്നതെങ്കിലും വീണ്ടും തുറക്കാൻ രണ്ടു മാസമെടുക്കും. തിയറ്ററിലെ വയറിങ്ങും പാനലുകളും മാറ്റണം. വയറിങ്ങിന് വലിയ രീതിയിലുള്ള തകരാറുകളുണ്ട്. ഷോക്കടിക്കാൻ സാധ്യതയുള്ളതിനാലാണ് ഉടൻ പണി ചെയ്യാൻ തീരുമാനിച്ചത്.
സിവിൽ വർക്കുകളും ഇതോടൊപ്പം ചെയ്യും. ഇതിനായി പൊതുമരാമത്ത് ഇലകട്രിക്കൽ വിഭാഗം അധികൃതർ പരിശോധന നടത്തി എട്ടു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകി. മേജർ ശസ്ത്രക്രിയകൾ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യും.
മൈനർ ശസ്ത്രക്രിയകൾക്കായി ആശുപത്രിയിലെ എഫ്.എൻ.എ.എസി പരിശോധന നടത്തുന്ന മുറിയും അനുബന്ധമായുള്ള യൂനിറ്റും സജ്ജീകരിക്കും. പണി പൂർത്തിയായാലും അണുമുക്തമാണെന്ന് പരിശോധന നടത്തി ഉറപ്പാക്കിയാലേ ശസ്ത്രക്രിയകൾ നടത്താനാവൂ.
നേരത്തേ നേത്ര ശസ്ത്രക്രിയ തിയറ്റർ ബദൽ സൗകര്യമൊരുക്കാതെ പൊളിച്ചുമാറ്റിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പകരം സൗകര്യം ഒരുക്കി നേത്ര ശസ്ത്രക്രിയ തിയറ്റർ തുറന്നത് അടുത്തിടെയാണ്. പുതിയ ബഹുനില മന്ദിരം നിർമിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.