കോട്ടയം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മണിപ്പുഴ ബെൽമോണ്ട് സീനിയർ സെക്കൻഡറി സ്കൂൾ പൂട്ടി. മുന്നറിയിപ്പില്ലാതെ സ്കൂൾ പൂട്ടിയതിനെതിരെ പ്രതിഷേധവും ഉപരോധവുമായി രക്ഷിതാക്കൾ. വിദ്യാർഥികളിൽനിന്ന് വാങ്ങിയ സംഭാവന തിരികെ നൽകാമെന്ന് ഉറപ്പുനൽകിയതോടെയാണ് മൂന്നു മണിക്കൂർ നീണ്ട വാക്തർക്കവും ബഹളവും അവസാനിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ കുട്ടികളുടെ പ്രോഗ്രസ് കാർഡ് ഒപ്പിടാനായാണ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. വന്നവരോട് സ്കൂൾ പൂട്ടുന്ന കാര്യം അറിയിക്കുകയായിരുന്നു. ഇതോടെ രക്ഷിതാക്കൾ സംഘടിച്ചു. പെട്ടെന്നൊരു ദിവസം സ്കൂൾ പൂട്ടിയാൽ തങ്ങളെന്ത് ചെയ്യുമെന്നാണ് രക്ഷിതാക്കൾ ചോദിച്ചത്.
മാർച്ചിൽ ചേർന്ന രക്ഷിതാക്കളുടെ യോഗത്തിലും പൂട്ടുന്ന കാര്യം അറിയിച്ചില്ല. നേരത്തെ പറഞ്ഞിരുന്നെങ്കിൽ കുട്ടികൾക്ക് മറ്റ് സ്കൂളുകളിൽ പ്രവേശനം എടുക്കാമായിരുന്നു. ഇപ്പോൾ പലയിടത്തും പ്രവേശനം പൂർത്തിയായി. ഫീസും ഡൊണേഷനും സ്കൂൾ തുറക്കുന്നതിന്റെ ചെലവുമെല്ലാം തങ്ങൾക്ക് വീണ്ടും ബാധ്യതയാവുമെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ഫീസിൽനിന്ന് ആയിരം രൂപ തിരിച്ചുനൽകാമെന്നും താൽപര്യമുള്ളവർക്ക് ടൗണിലെ മറ്റൊരു സ്കൂളിൽ പ്രവേശനം എടുത്തുതരാമെന്നുമായിരുന്നു ആദ്യം സ്കൂൾ മാനേജ്മെന്റ് പറഞ്ഞത്. എന്നാൽ, ഇത് രക്ഷിതാക്കൾ അംഗീകരിച്ചില്ല. വീണ്ടും ചർച്ച നടത്തിയതിനെ തുടർന്നാണ് പ്രവേശനസമയത്ത് നൽകിയ സംഭാവന തുക ബുധനാഴ്ച രാവിലെ 10 മുതൽ ഒരുമണി വരെയുള്ള സമയത്ത് തിരിച്ചുനൽകാൻ ധാരണയായത്.
32 വർഷമായി ഈ സി.ബി.എസ്.ഇ സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ട്. 108 കുട്ടികളും 18 അധ്യാപകരുമുണ്ട്. അധ്യാപകരിൽ പലരും 10,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരാണ്. സ്കൂൾ പൂട്ടിയതോടെ അധ്യാപകരും വഴിയാധാരമായി. കഴിഞ്ഞ ആഴ്ച മാത്രമാണ് ഇവരോടും സ്കൂൾ പൂട്ടുന്ന കാര്യം അറിയിച്ചത്. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയാണ് ഡിവിഷൻ ഉള്ളത്. നേരത്തെ പ്ലേ സ്കൂളും പ്ലസ് ടുവും ഉണ്ടായിരുന്നു. പിന്നീട് നിർത്തി. തുടക്കത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ പുതിയ ഭരണസംവിധാനം വന്നതോടെയാണ് നഷ്ടത്തിലായതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.