കോട്ടയം: ഏഴു പേർക്ക് ജീവനും ജീവിതവും പങ്കിട്ട് മരണത്തെ തോൽപിച്ച നേവിസിന്റെ ഓർമകൾക്ക് ഒരാണ്ട്. നേവിസിലൂടെ ജീവിതത്തിലേക്കു തിരിച്ചുമടങ്ങിയ അഞ്ചുപേരും കുടുംബസമേതം ഒന്നാം അനുസ്മരണ ദിനത്തിൽ ഒന്നിച്ചെത്തുന്നു. നേവിസിന്റെ ഓർമക്കായി മാതാപിതാക്കൾ ആരംഭിക്കുന്ന 'നേവിസ് നുവോ ഫൗണ്ടേഷനും' അന്നു തുടക്കമാവും.
ഈമാസം 24ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് അവയവം സ്വീകരിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ ഓർഗൻ ഡൊണേഷൻ കാമ്പയിനും ഉണ്ടാവും.
വടവാതൂർ ഏദൻസിൽ ബിസിനസുകാരനായ സാജൻ മാത്യുവിന്റെയും ഷെറിന്റെയും മൂത്തമകനാണ് നേവിസ് സാജൻ (25). രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് അബോധാവസ്ഥയിലായ നേവിസ് പിന്നീട് ജീവിതത്തിലേക്ക് കണ്ണുതുറന്നിട്ടില്ല. 2021 സെപ്റ്റംബർ 25ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ, കൈകൾ എന്നിവ ദാനം ചെയ്യുകയായിരുന്നു.
നിലമ്പൂർ വഴിക്കാട് സ്വദേശി വിനോദ് ജോസഫാണ് നേവിസിന്റെ കരൾ സ്വീകരിച്ചത്. ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സയിലായിരുന്നു വിനോദ്. കർണാടക ബെല്ലാരി സ്വദേശിയായ 34കാരൻ ബസവണ്ണയാണ് നേവിസിന്റെ കൈകളുടെ ഇപ്പോഴത്തെ ഉടമ. 10 വർഷമായി ഇരുകൈയുമില്ലാതെ കഴിഞ്ഞിരുന്ന ബസവണ്ണക്ക് ഇത് പുതിയ ജീവിതമാണ്. റൈസ്മില്ലിൽ ബോയിലർ ഓപറേറ്ററായിരുന്ന ബസവണ്ണയുടെ ഇരുകൈയും ജോലിസ്ഥലത്തുവെച്ച് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് മുറിച്ചുമാറ്റിയിരുന്നു.
കണ്ണൂർ സ്വദേശി പ്രേംചന്ദിലാണ് ഹൃദയം ചേർത്തുവെച്ചത്. വലതു വൃക്ക മലപ്പുറം വാഴക്കാട് സ്വദേശിയായ 17കാരനായ അനിഷിഫും ഇടതു വൃക്ക തൃശൂർ ഇയ്യാൽ സ്വദേശി ബെന്നിയുമാണ് സ്വീകരിച്ചത്. നേത്രപടലങ്ങൾ സ്വീകരിച്ച രണ്ടുപേർ കൂടിയുണ്ടെങ്കിലും അവരുടെ പേരുവിവരങ്ങൾ നിയമപ്രകാരം വെളിപ്പെടുത്താനാവില്ല. മകനിലൂടെ മറ്റുള്ളവർക്കു വെളിച്ചമായതിന്റെ പ്രചോദനത്തിലാണ് മാതാപിതാക്കൾ സംഗമം സംഘടിപ്പിക്കുന്നത്. എൽവിസ്, വിസ്മയ എന്നിവരാണ് നേവിസിന്റെ സഹോദരങ്ങൾ. 24ന് വൈകീട്ട് മൂന്നിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണ ജോർജ്, വി.എൻ. വാസവൻ, ജോസ് കെ. മാണി എം.പി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, അനൂപ് ജേക്കബ് എം.എൽ.എ, തിരുവല്ല അതിരൂപത മെത്രാൻ തോമസ് മാർ കൂറിലോസ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.