കോട്ടയം: തിരുനക്കര ജങ്ഷനിലെ റോഡരികിലെ സ്ലാബിന് മീതെയുള്ള പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു. സ്ലാബിന് മീതെയുള്ള പൈപ്പ് പൊട്ടി ലിറ്റർകണക്കിന് വെള്ളമാണ് അനുദിനം പാഴാകുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ ഏറെയും തുണിചുറ്റി ലീക്ക് അടച്ചിരിക്കുകയാണ്. ഇതിന് സമീപത്തെ കാനകളിൽനിന്ന് മലിനജലവും പൊട്ടി നടപ്പാതയിലേക്ക് ഒഴുകുന്നത് പതിവാണ്. ഇതിൽ ചവിട്ടിവേണം കാൽനടയാത്രക്കാർക്ക് നടക്കാൻ. റോഡിൽനിന്ന് താഴ്ന്നാണ് ഓടകളും നടപ്പാതകളും സ്ഥിതിചെയ്യുന്നത്. ദുർഗന്ധം വമിക്കുന്ന അഴുക്കുചാലിന് മീതെയുള്ള കാനകൾ അപകടഭീഷണി ഉയർത്തിയിട്ടും അധികൃതർ മൗനംപാലിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ പോകുന്നതിന് സമീപത്തുകൂടിയാണ് ഓടകളിൽ നിന്നുള്ള മലിനജലവും ഒഴുകുന്നത്. ദുർഗന്ധംവമിക്കുന്ന മലിനജലം ശുദ്ധജലം വഹിക്കുന്ന പൈപ്പുലൈനുകളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യമാണ്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജലത്തെയാണ് പ്രധാനമായും നഗരത്തിലെ കടകളിൽ ഉപയോഗിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് നഗരസഭയുടെ ഓടസംസ്കരണമെന്ന് പൊതുവെ പരാതികൾ സജീവമാണ്.
ഓടകളിൽനിന്നുള്ള മലിനജലം സമീപത്തെ വാട്ടർ കണക്ഷന്റെ പൊട്ടിയ ഭാഗത്ത് ഒഴുകിയെത്തുന്നതോടെ ജലജന്യരോഗങ്ങൾ പടരുന്നതിനുള്ള സാഹചര്യവും നിലനിൽക്കുന്നു. തിരുനക്കര കൂടാതെ ബേക്കർ ജങ്ഷന് സമീപവും സമാനമായ രീതിയിൽ പൈപ്പ് പൊട്ടലും മലിനജലം പടർന്ന് റോഡിലേക്കും സമീപത്തേക്കും ഒഴുകുന്നത് നിത്യകാഴ്ചയാണ്. മഴക്കാലത്ത് പരിഹരിക്കാനാവാത്ത ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും. കടകൾക്ക് സമീപത്തെ ഓടകൾ തുറന്നുകിടക്കുന്നതിനാൽ വ്യാപാരികൾക്കും കടകളിലേക്ക് എത്തുന്നവർക്കും അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. നടപ്പാതകളുടെ മീതെയുള്ള പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കണമെന്ന ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. വാട്ടർ അതോറിറ്റി അധികൃതർ പൈപ്പിന്റെ ലീക്ക് താൽകാലികമായി അടക്കുമെങ്കിലും തുടർച്ചയായ പൈപ്പ് പൊട്ടലിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.