കോട്ടയം: തിരുനക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ് പൊളിക്കാൻ കലക്ടർ ദുരന്തനിവാരണ നിയമം പ്രയോഗിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് കലക്ടറോട് ലീഗൽ സർവിസസ് അതോറിറ്റി റിപ്പോർട്ട് തേടി.
കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയപ്പോൾ എന്തൊക്കെ നിർദേശങ്ങൾ മുനിസിപ്പാലിറ്റിക്ക് നൽകിയിരുന്നുവെന്നും അന്വേഷിച്ചു. ഇതു സംബന്ധിച്ച പൂർണമായ റിപ്പോർട്ട് രേഖകൾ സഹിതം 14ന് ഫയൽ ചെയ്യണമെന്ന് സെക്രട്ടറിയും സബ് ജഡ്ജിയുമായ രാജശ്രീ രാജഗോപാൽ കലക്ടറുടെ പ്രതിനിധിയോട് നിർദേശിച്ചു. തിരുനക്കര ഉത്സവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് എങ്ങനെ നിയന്ത്രിക്കുമെന്ന് വിശദമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്റ്റാൻഡിൽ ബസ്ബേ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പല തീയതികൾ സിറ്റിങ്ങുകളിൽ പറഞ്ഞതിനാൽ ഇതു സംബന്ധിച്ച വിവിധ കൗൺസിൽ തീരുമാനങ്ങൾ ഹാജരാക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
ഉത്സവത്തിനുമുമ്പ് ബസ് സ്റ്റാൻഡിലൂടെ ബസുകൾ കടത്തിവിടണമെന്നാവശ്യപ്പെട്ട് കലക്ടർ മുനിസിപ്പാലിറ്റിക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ മൈതാനത്ത് വിനോദമേള തുടങ്ങിയതിനാൽ അത് നടക്കില്ല. കെട്ടിടം പൊളിക്കാൻ ദുരന്തനിവാരണം നിയമം ഉപയോഗിച്ച കലക്ടർ അതേ നിയമം ഉപയോഗിച്ച് ബസുകൾ സ്റ്റാൻഡിലൂടെ കടത്തിവിടണമെന്ന് പാരാ ലീഗൽ വളന്റിയർമാരായ ടി.യു. സുരേന്ദ്രൻ, പ്രഫ. എബ്രഹാം സെബാസ്റ്റ്യൻ, പി.ഐ. എബ്രഹാം, കെ. സി. വർഗീസ്, ആർ. സുരേഷ് കുമാർ, അബ്ദുൽ ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.