കോട്ടയം: മീൻവലയിൽ കുരുങ്ങി പരിക്കേറ്റ പെരുമ്പാമ്പിന് ജില്ല വെറ്ററിനറി ആശുപത്രിയിൽ ചികിത്സ നൽകി. ചങ്ങനാശ്ശേരി വാഴപ്പള്ളി അമ്പലത്തിന് സമീപത്തെ പാടത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പിനാണ് ചികിത്സ ലഭ്യമാക്കിയത്. മുറിവ് മരുന്നുവെച്ച് കെട്ടിയശേഷം പാമ്പിനെ വനംവകുപ്പിന് കൈമാറി.
വ്യാഴാഴ്ച ഉച്ചക്കാണ് പാടത്ത് വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രീയ പരിശീലനം ലഭിച്ച സർപ്പ ടീം അംഗം വിഷ്ണുദാസ് എത്തി പെരുമ്പാമ്പിനെ പിടികൂടി. മുറിവിൽ മരുന്നുവെച്ചശേഷം വീട്ടിൽത്തന്നെ തുണിസഞ്ചിയിലാക്കി സൂക്ഷിച്ചു. ശനിയാഴ്ച രാവിലെ വിഷ്ണുദാസും സർപ്പ ടീം അംഗവും കോട്ടയം കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസറുമായ മുഹമ്മദ് ഷെബിനും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പാമ്പിന്റെ തലഭാഗത്തായി വട്ടത്തിലാണ് മുറിവുണ്ടായിരുന്നത്. മുറിവ് വൃത്തിയാക്കി മരുന്നുവെച്ച് ആന്റിബയോട്ടിക് ഇഞ്ചക്ഷനും നൽകി. സീനിയർ വെറ്ററിനറി സർജൻ ഷീബ സെബാസ്റ്റ്യനും ഡോ. സേതുലക്ഷ്മിയും ചേർന്നാണ് ചികിത്സ നൽകിയത്. മൂന്നുദിവസം മുറിവ് വൃത്തിയാക്കാൻ ആശുപത്രിയിലെത്തിക്കണം. രാവിലെ അൽപനേരം ഇളം വെയിൽ കൊള്ളിക്കണമെന്നും നിർദേശിച്ചാണ് വിട്ടയച്ചത്. 12കിലോയിലേറെ ഭാരമുണ്ട് പാമ്പിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.