കൂട്ടിക്കല്‍: നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം കൂട്ടിക്കല്‍ ചപ്പാത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രം വെറുതെയായി. 2021ലെ പ്രളയത്തില്‍ ഒഴുകിപ്പോയ ബസ് കാത്തിരിപ്പു കേന്ദ്രം ഏറെ കാത്തിരിപ്പിനൊടുവില്‍ മൂന്നാം വര്‍ഷം യാഥാർഥ്യമായെങ്കിലും യാത്രക്കാര്‍ക്ക് പ്രയോജനമല്ലാത്ത അവസ്ഥയിലാണ്. പഞ്ചായത്തിന്റെ വികസന ഫണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപ മുടക്കി നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രത്തിന്റെ നാലുവശവും തുറന്ന നിലയിലും മേല്‍ക്കൂര വളരെ ഉയരത്തിലുമാണ്.
വെയിൽ കൊള്ളുമെന്നതു മാത്രമല്ല, മഴപെയ്താല്‍ ഒരു തുള്ളി വെള്ളം പോലും പുറത്തേക്കു പോകില്ല. കാത്തിരിപ്പുകേന്ദ്രത്തിലേക്ക് മൂന്നു പടികെട്ടുകളും കയറണം. ഇതുമൂലം പ്രായമുള്ളവര്‍ക്കോ രോഗികള്‍ക്കോ പ്രയോജനമില്ല.
പ്രവാസികളടക്കം നിരവധി സംഘടനകള്‍ വെയിറ്റിങ് ഷെഡ് നിര്‍മിക്കാന്‍ രംഗത്തുവന്നതിനിടയിലാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. ഇതോടെ സംഘടനകള്‍ പിന്മാറി. പഞ്ചായത്ത് എന്‍ജിനീയര്‍ തയാറാക്കിയ പ്ലാനും എസ്റ്റിമേറ്റും കണ്ടതോടെ ജനോപകാരപ്രദമെന്ന് കരുതി ജനപ്രതിനിധികളടക്കം നാട്ടുകാര്‍ക്ക് സന്തോഷമായെങ്കിലും നിര്‍മാണം തുടങ്ങിയതോടെ ആളുകള്‍ ആശങ്കയിലായി.
പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ച പ്ലാനിന് വിപരീതമായുള്ള നിര്‍മാണത്തിനെതിരെ വാര്‍ഡ് അംഗം അടക്കമുളളവര്‍ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നല്ല രീതിയിലാണെന്നും ആശങ്ക വേണ്ടന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
വിഷയത്തിൽ വാര്‍ഡ് അംഗം സൗമ്യ ഷെമീര്‍, ഡി.വൈ.എഫ്.ഐ കൂട്ടിക്കല്‍ മേഖല കമ്മിറ്റി എന്നിവര്‍ പഞ്ചായത്തിന് പരാതി നല്കി. ഇത് ശരിയായ രീതിയില്‍ നിര്‍മിക്കുമെന്നാണ് അധികാരികള്‍ ആവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ശേഷം ആവശ്യമായ നടപടിയുണ്ടാവുമെന്നും പഞ്ചായത്ത് സെക്രട്ടറി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.