താഴത്തങ്ങാടി: വിശ്വകഥാകാരനോടള്ള ആരാധനയിൽ അവർ കഥാപാത്രത്തെ തേടിച്ചെന്നു. കഥാപാത്രം തങ്ങളുടെ സമീപത്തു തന്നെ ജീവിച്ചിരിപ്പുണ്ടെന്ന അറിവ് തെല്ല് അത്ഭുതമൊന്നുമല്ല അവരിൽ ഉണ്ടാക്കിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയിലെ കഥാപാത്രമായ പാത്തുക്കുട്ടിയെ കാണാൻ താഴത്തങ്ങാടി ഗവ. മുഹമ്മദൻ യു.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സ്കൂൾ വായന ക്ലബിന്റെ നേതൃത്വത്തിൽ ചെങ്ങളത്തെ അവരുടെ വീട്ടിൽ സന്ദർശനം നടത്തി.
തങ്ങൾ വായിച്ച കഥയിലെ കഥാപാത്രത്തെ നേരിട്ട് കണ്ടതിന്റെ ആഹ്ലാദവും അമ്പരപ്പും ആയിരുന്നു കുട്ടികളുടെ മുഖത്ത്. ലോകപ്രശസ്ത കൃതിയിലെ കഥാപാത്രമായതിന്റെ അഭിമാനവും നിഷ്കളങ്കതയും നിറഞ്ഞ ചിരിയോടെ അവർ കുട്ടികളെ വരവേറ്റു. കുട്ടികളുടെ കൊച്ചു കൊച്ചു സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ഏറെനേരം സംഭാഷണത്തിൽ ഏർപ്പെടുകയും പാട്ടുപാടുകയും ചെയ്തു. ‘ബഷീറിന്റെ സ്വന്തം പാത്തുക്കുട്ടിക്ക്’ എന്ന കുറിപ്പോടുകൂടി പാത്തുമ്മയുടെ ആടിന്റെ പുതിയ പതിപ്പ് അവർക്ക് സമ്മാനിച്ചു. തങ്ങൾ കൊണ്ടുവന്ന തൈ നട്ട ശേഷമാണ് കുട്ടികൾ മടങ്ങിയത്. ഹെഡ്മാസ്റ്റർ ഇ.ടി.കെ ഇസ്മയിൽ പൊന്നാട അണിയിച്ചു. എസ്. ശോഭന, ജി. പ്രഭിത, എ. ലേഖ, അഖില്‍ ജി. ദാസ്, പി.വി. പ്രസീത, തൗഫി ഇക്ബാൽ, അമീന യൂസഫ്, ഡി.ബി. ഷബിന മോൾ, എസ്. ബിജിമോൾ, ഹലിമ റഹ്മാൻ, സീമ മോഹനൻ, റമീഷ, രമ, ജാസ്മിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.