വൈക്കം: ഉദയനാപുരത്ത് പക്ഷിപ്പനി ബാധിത മേഖലയിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊന്ന് സംസ്കരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് അധികൃതർ. ഈ ഭാഗത്തെ അഞ്ച് ഫാമുകളിലും വീടുകളിലും വളർത്തുന്നതടക്കം 9000 ത്തോളം വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്. തോരാതെ പെയ്യുന്ന മഴയിൽ പക്ഷികളെ കത്തിക്കാനാവാത്തതിനാൽ ജെ.സി.ബി ഉപയോഗിച്ച് ആഴത്തിൽ വലിയ കുഴികളെടുത്ത് സംസ്കരിക്കുകയായിരുന്നു. ജില്ലാ ഭരണകൂടം നിയോഗിച്ച വിദഗ്ദ്ധ സംഘവും പഞ്ചായത്ത് നിയോഗിച്ചവരുമടക്കം അൻപതിലധികം പേരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ഉദയനാപുരം പഞ്ചായത്ത് 16-ാം വാർഡ് നേരേകടവ് വല്യാറയിൽ പ്ലാക്കത്തറ സുഭാഷിന്റെ ഫാമിലെ 800 കോഴികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. ഫാമിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ ശേഖരിച്ച സാമ്പിൾ ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരേകടവിൽ രോഗബാധയുണ്ടായ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് അടക്കം വളർത്തുപക്ഷികളെയാണ് ബുധനാഴ്ച ജില്ലാ ഭരണകൂടത്തിന്റേയും ഉദയനാപുരം പഞ്ചായത്തിന്റേയും നേതൃത്വത്തിൽ കൊന്നു സംസ്കരിച്ചത്.
മൃഗസംരക്ഷണ വകുപ്പ് അധികൃതർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് തുടങ്ങിയവരും സജീവമായി രംഗത്തുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.പി.അനൂപ് കുമാർ, പക്ഷിപ്പനി ബാധിത മേഖലയിലെ വാർഡ് അംഗങ്ങളായ ടി.പി.രാധാമണി, ശരത്ത് ടി.പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
നേരേകടവിലെ പക്ഷിപ്പനി പൂർണമായും നിയന്ത്രണ വിധേയമായതായി അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ ഉണ്ടായതല്ലാതെ മറ്റ് പക്ഷികൾക്കൊന്നും നിലവിൽ രോഗബാധ കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയമായ മുൻകരുതലെന്ന നിലയിലാണ് മേഖലയിലെ വളർത്തു പക്ഷികളെ കൊന്നു സംസ്കരിച്ചത്. പഞ്ചായത്തിന്റെ സ്ക്വാഡ് നിരന്തരം സമീപ പ്രദേശങ്ങളിലെയും വളർത്തു പക്ഷികളെ നിരീക്ഷിച്ചു വരികയാണ്. ആശങ്കക്ക് അടിസ്ഥാനമില്ലെങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.അനൂപ് കുമാർ പറഞ്ഞു.
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ നഗരിനയിലെ കോഴിഫാമിൽ മൂന്നു ദിവസത്തിനകം 600 ലധികം കോഴികൾ ചത്തു. വെച്ചൂർ പഞ്ചായത്ത് പത്താംവാർഡിലെ നഗരിനയിൽ വിനോദ് ഭവനിൽ വിനോദ് കുമാറിന്റെ ഫാമിൽ കഴിഞ്ഞ രണ്ടുദിവസങ്ങൾക്കുള്ളിൽ 500 കോഴികൾ ചത്തിരുന്നു. ഇന്നലെയും നൂറോളം കോഴികൾ ചത്തു. സാമ്പിൾ ഭോപ്പാലിലെ വൈറോളജി ലാബിൽ അയച്ചിരിക്കുകയാണ്.
ചത്ത കോഴികളെ ആഴത്തിൽ കുഴിയെടുത്തു മൂടി. കാർഷിക മേഖലയായ വെച്ചൂരിൽ പത്തിലധികം കോഴി ഫാമുകളുണ്ട്. വൻതോതിൽ താറാവു കൃഷിയും ഇവിടെയുണ്ട്. തുടർച്ചയായി പക്ഷിപ്പനി ബാധിച്ച് കർഷകർക്ക് വൻ നഷ്ടമാണുണ്ടാകുന്നത്. അതേസമയം മൃഗസംരക്ഷണ വകുപ്പ് ഫലപ്രദമായി ഇടപെട്ടില്ലെന്ന ആക്ഷേപവും ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.