വൈക്കം: പുനർനിർമിക്കാനായി പൊളിച്ച സ്കൂൾ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി തടസ്സപ്പെട്ടു. യഥാസമയം പണി നടക്കാത്തതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടികളുടെ ടി.സി വാങ്ങി മറ്റ് സ്കൂളുകളിലേക്ക് മാറ്റി. വൈക്കം തലയാഴം തോട്ടകം ഗവ. എൽ.പി സ്കൂളിലാണ് പുനർനിർമാണം വൈകിയത് തിരിച്ചടിയായത്.
സ്കൂളിൽ ഒന്നാംക്ലാസിൽ ചേർന്ന 12ൽ രണ്ടുകുട്ടികളെയും യു.കെ.ജിയിലെ മൂന്നുകുട്ടികളെയുമാണ് രക്ഷിതാക്കൾ മറ്റു സ്കൂളുകളിലേക്ക് മാറ്റിയത്. 112വർഷം പഴക്കമുള്ള സ്കൂളിൽ എൽ.പി വിഭാഗത്തിൽ 62 കുട്ടികളും യു.കെ.ജി വിഭാഗത്തിൽ 28 കുട്ടികളുമാണുള്ളത്.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ മികവുപുലർത്തുന്ന സർക്കാർ സ്കൂളിലെ കെട്ടിടം പുനർനിർമിക്കുന്നതിന് അഞ്ചുലക്ഷത്തിലധികം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂന്ന് ക്ലാസ്മുറികളും ഡൈനിങ് ഹാളും അംഗൻവാടിയും ഉൾപ്പെടുന്ന ഓടുമേഞ്ഞ കെട്ടിടം പൊളിച്ചത്. കെട്ടിടത്തിലെ പട്ടികയടക്കം മാറ്റി മേൽക്കൂരയിൽ ഇരുമ്പുപൈപ്പ് സ്ഥാപിച്ച് ഓടുമേയാനാണ് പദ്ധതി തയാറാക്കിയത്.
കെട്ടിടം പൊളിച്ച് തടി ഉപകരണങ്ങൾ നീക്കി പൈപ്പ് സ്ഥാപിച്ചെങ്കിലും പിന്നീട് പണിമുടങ്ങി. മഴയിൽ കുമ്മായം പൂശിയ കെട്ടിടത്തിന്‍റെ ഭിത്തിയിൽ വെള്ളമിറങ്ങി പലഭാഗത്തും അടർന്നുവീണു. കെട്ടിടത്തിലെ ഫാൻ, വാതിൽ, ജനൽ തുടങ്ങിയവ മഴയേറ്റ് നശിച്ചു. മഴക്കാലത്ത് തലയാഴത്തിന്‍റെ കിഴക്കൻ മേഖലയിൽ വെള്ളപ്പൊക്ക ദുരിതമുണ്ടാകുമ്പോൾ ദുരിതബാധിതർ അഭയം തേടിയിരുന്നത് ഈ സ്കൂൾ കെട്ടിടത്തിലായിരുന്നു.
സ്കൂൾ അധികൃതരും പി.ടി.എ ഭാരവാഹികളും പഞ്ചായത്ത് അധികൃതരെയും പഞ്ചായത്ത് അസി. എൻജിനീയറെയും പലതവണ കണ്ട് പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.