വൈക്കം: നഗരസഭ കൗൺസിൽ യോഗത്തിൽ വാക്കേറ്റവും ഉന്തുംതള്ളും. ചെയർപേഴ്സൻ രേണുക രതീഷിനെ ഡയസിൽ കയറി സി.പി.എം കൗൺസിലർ കവിത രാജേഷ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ചെയർപേഴ്സന്റെ കൈയിലിരുന്ന ഫയലുകൾ പിടിച്ചെടുത്ത് കീറിക്കളയുകയും മൈക്ക് തട്ടിത്തെറിപ്പിക്കുകയും ചെയ്തു.
നഗരസഭ കുടുംബശ്രീയിൽ അഞ്ച് വനിത കൗൺസിലർമാരെ തെരഞ്ഞെടുത്തപ്പോൾ സി.പി.എമ്മിനു പ്രാതിനിധ്യം ലഭിച്ചില്ല എന്നതാണ് പ്രശ്നത്തിനുകാരണം. എന്നാൽ, ഇതേക്കുറിച്ച് സി.പി.എം തിരുവനന്തപുരത്ത് നഗരസഭ ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
ഇതിന്റെ വിശദാംശങ്ങൾ നഗരസഭയുടെ പരാതി ബോർഡിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ വനിത കൗൺസിലർ നടത്തിയ പ്രവൃത്തി ജനാധിപത്യ ലംഘനമാണെന്ന് ചെയർപേഴ്സൻ രേണുക രതീഷും വൈസ് ചെയർമാൻ പി.ടി. സുഭാഷും പറഞ്ഞു.
നഗരസഭ കൗൺസിലിൽ ഇടതുപക്ഷ കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ നടപടി തടസ്സപ്പെട്ടു. നഗരസഭയിൽ നടക്കുന്ന അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും തുറന്നുകാണിച്ചുകൊണ്ട് നഗരസഭ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻ നായരുടെ നേതൃത്വത്തിൽ ഇടതുപക്ഷ കൗൺസിലർമാർ ചെയർപേഴ്സന്റെ ഡയസിനുമുന്നിൽ കുത്തിയിരുന്നു.
ബീച്ചിലെ അനധികൃത കച്ചവടവും മാലിന്യ സംസ്കരണത്തിലെ പരാജയവും മുൻകൗൺസിൽ നടപ്പിലാക്കിയ എ.ബി.സി പ്രോഗ്രാം തുടർന്ന് നടത്താത്തതിനെതിരെയും ലൈഫ് ഭവനനിർമാണ പദ്ധതി (ഫ്ലാറ്റ് സമുച്ചയം) നടപ്പിലാക്കത്തതിനെതിരെയും നഗരസഭ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതിനെതിരെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മറവിൽ 80 ലക്ഷത്തോളം രൂപയുടെ അഴിമതി നടത്തി നഗരസഭയുടെ പദ്ധതി പ്രവർത്തനങ്ങളെയാകെ തകിടം മറിച്ചതിനെതിരെയും സി.ഡി.എസിലെ കൗൺസിലിൽ നിന്നുള്ള വനിത പ്രതിനിധികളെ തീരുമാനിച്ച നിലവിലുണ്ടായിരുന്ന ലിസ്റ്റിനു പകരം നിയമവിരുദ്ധമായി വ്യാജ മിനിറ്റ്സ് ഉണ്ടാക്കിയതും പ്രതിഷേധത്തിന് കാരണമായി.
പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് കെ.പി. സതീശൻ, ആർ. സന്തോഷ്, എബ്രഹാം പഴയകടവൻ, എസ്. ഇന്ദിരദേവി, ലേഖ ശ്രീകുമാർ, കവിത രാജേഷ്, സുശീല എം.നായർ, അശോകൻ വെള്ളവേലി, എ.സി മണിയമ്മ എന്നിവർ സംസാരിച്ചു.
നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സന്റെ ഡയസിൽ കയറി ചെയർപേഴ്സനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും കൗൺസിൽ യോഗം തടസ്സപ്പെടുത്തുകയും ചെയ്ത സി.പി.എം കൗൺസിലർ കവിത രാജേഷിന്റെ നടപടിയിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു. കുടുംബശ്രീയിൽ കൗൺസിലർമാരുടെ പ്രതിനിധിയായി തന്നെ തെരഞ്ഞെടുത്തില്ല എന്നാക്ഷേപിച്ചാണ് ജനാധിപത്യവിരുദ്ധമായ ഈ നടപടി സ്വീകരിച്ചതെന്ന് യോഗം ആക്ഷേപിച്ചു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ബി. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൻ പ്രീത രാജേഷ് കൗൺസിലർമാരായ ബി.രാജശേഖരൻ, പി.എസ് രാഹുൽ , രാജശ്രീ വേണുഗോപാൽ, പി.ഡി. ബിജിമോൾ, ബിന്ദു ഷാജി, രാധിക ശ്യാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.