വൈക്കം: വൈക്കത്തെയും സമീപ പ്രദേശങ്ങളിെലയും പാടശേഖരങ്ങളിൽ കൊയ്ത നെല്ല് കിഴിവിെൻറ പേരിലെ തർക്കത്തെത്തുടർന്ന് സംഭരിക്കാത്തത് പ്രതിഷേധം രൂക്ഷമാക്കുന്നു. വെച്ചൂരിലും കല്ലറയിലും സമീപ പ്രദേശമായ നീണ്ടൂരിലുമാണ് നെല്ല് കെട്ടിക്കിടക്കുന്നത്. കിൻറലിന് 17 കിലോ വരെയാണ് സ്വകാര്യ മില്ലുകാർ കിഴിവ് ആവശ്യപ്പെടുന്നത്. അധികൃതരുടെ ഇടപെടൽ മൂലം കിൻറലിന് ഏഴുകിലോ വരെ ചിലയിടങ്ങളിൽ കർഷകർ നെല്ല് കിഴിവ് നൽകാൻ നിർബന്ധിതരായി.
തലയാഴത്ത് തെക്കേവെന്തകരി പാടശേഖരത്തിലെ 85 ഏക്കറിലെ 500 ടണ്ണോളം നെല്ല് ദിവസങ്ങളോളം സംഭരിക്കാതെ കിടന്നതിനെത്തുടർന്ന് കർഷകർ ഗത്യന്തരമില്ലാതെ ഏഴ് കിലോ കിഴിവിൽ നെല്ല് കയറ്റിവിടുകയായിരുന്നു. പരമാവധി നാലുകിലോ വരെ കിഴിവ് നൽകേണ്ട സാഹചര്യത്തിൽ മില്ലുകാരുടെ കടുംപിടിത്തത്തിൽ നെല്ല് നശിക്കുമെന്ന ആശങ്കമൂലം കർഷകർ നഷ്ടം സഹിക്കുകയായിരുന്നു. കല്ലറ മുണ്ടാറിൽ കൊയ്തുെവച്ച നെല്ല് സംഭരിക്കാതിരുന്നതിനെത്തുടർന്ന് വൈക്കം തോട്ടകം സ്വദേശി കർഷകൻ താഴ്ചയിൽ പി.ജെ. സെബാസ്റ്റ്യൻ പെട്രോളൊഴിച്ച് ആത്മഹത്യഭീഷണി മുഴക്കിയതിനെത്തുടർന്നാണ് നെല്ല് സംഭരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചത്.
വെച്ചൂർ ചെറുവള്ളിക്കരിയിൽ 200 ഏക്കറോളം പാടശേഖരത്തിൽ നെല്ല് കെട്ടിക്കിടക്കുകയാണ്. വെച്ചൂർ, ആർപ്പൂക്കര വില്ലേജുകളുടെ പരിധിയിലാണ് ഈ പാടശേഖരം. നീണ്ടൂരിലും പലയിടങ്ങളിലായി നെല്ല് കെട്ടിക്കിടക്കുകയാണ്. ജില്ല പാഡി ഓഫിസർ സ്ഥലം മാറി പോയതിനുശേഷം പകരം ഉദ്യോഗസ്ഥൻ എത്താത്തതും നെല്ലുസംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. 100 കിലോ നെല്ല് സംഭരിച്ചാൽ മില്ലുകാർ 64 കിലോ അരി സർക്കാറിന് തിരിച്ചുനൽകണം. ഇത് കിട്ടുന്നില്ലെന്ന് മില്ലുകാർ പറയുന്നു. ഏപ്രിലിൽ താലൂക്കിെൻറ പല പാടശേഖരങ്ങളിലും കൊയ്ത്ത് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.