വൈക്കം: തെരുവുനായുടെ കടിയേറ്റ് ആറു വയസ്സുകാരനടക്കം ആറുപേർക്ക് പരിക്ക്. വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിക്ക് സമീപം കാരയിൽ കെ.എസ്. അനുപമ (42), മാക്കനേഴത്ത് ശ്രീജിത്തിന്റെ മകൻ ആയുഷ് (ആറ്), ഇളന്താശ്ശേരി അമ്മിണി (53), നെടിയാറയിൽ രാജു, ഉദയനാപുരം പഞ്ചായത്ത് പനമ്പുകാട് പുതുവീട്ടിൽ രഞ്ജൻ (45), ടി.വി പുരം കൊച്ചുകൈതക്കാട്ട് അനന്തകൃഷ്ണൻ എന്നിവർക്കാണ് കടിയേറ്റത്.
കെ.എസ്.ഇ.ബി ജീവനക്കാരനായ അനന്തകൃഷ്ണൻ, വെച്ചൂർ അച്ചിനകെത്തെ വീട്ടിൽ മീറ്റർ റീഡിങ് എടുക്കാനെത്തിയപ്പോഴാണ് നായ് കടിച്ചത്. ആയുർവേദ ആശുപത്രിക്ക് സമീപത്തെ പുരയിടത്തിൽ കുഞ്ഞുങ്ങളുമായി കിടന്ന നായാണ് വീട്ടുപരിസരത്തും നിരത്തിലുമെത്തി നഗരസഭ 25, 26 വാർഡുകളിലെ പ്രദേശവാസികളെ ആക്രമിച്ചത്.
ഇതിൽ ആയുഷിനും അനുപമക്കും രഞ്ജനും ചൊവ്വാഴ്ചയാണ് കടിയേറ്റത്. ആയുഷ് അയൽവീട്ടിലേക്ക് കളിപ്പാട്ടമെടുക്കാൻ പോയപ്പോഴാണ് ആക്രമണത്തിനിരയായത്. കാലിന്റെ പിൻഭാഗത്ത് മുട്ടിന് മുകളിലായി കടിയേറ്റ കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തു.
അനുപമ വീടിനു സമീപത്തെ ക്ഷേത്രത്തിലേക്കു വരുമ്പോൾ വഴിക്ക് കുറുകെ കിടന്ന തെരുവുനായ് ഇവരെ ആക്രമിക്കുകയായിരുന്നു. കാരയിൽ ജങ്ഷനിലെത്തിയ രഞ്ജനെയും നായ് പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. പരിഭ്രാന്തരായ പ്രദേശവാസികൾ നിരത്തിൽ വടികളുമായി ഉച്ചക്ക് നിലയുറപ്പിച്ച സമയത്താണ് മൂന്നുപേരെ കടിച്ചു പരിക്കേൽപിച്ച നായ് കാരയിൽ ജങ്ഷനിലേക്ക് നടന്നു വന്ന ഇളന്താശ്ശേരി അമ്മിണിയുടെ കൈയിൽ കടിച്ചു പരിക്കേൽപിച്ചത്. അമ്മിണിയെ കടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് പോയ നായെ നാട്ടുകാർ വലയിലാക്കി. തുടർന്ന് സ്ഥലത്തെത്തിയ വൈക്കം മൃഗാശുപത്രിയിലെ ഡോ. അബ്ദുൽ ഫിറോസ് നായ്ക്ക് പ്രതിരോധ കുത്തിവെപ്പെടുത്തു. നായുടെ കഴുത്തിൽ കോളറിട്ട് പ്രദേശത്ത് ബന്ധിച്ച ശേഷം 15 ദിവസം പേ വിഷബാധയുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് ഡോക്ടർ പറഞ്ഞു.
നഗരസഭ ചെയർപേഴ്സൻ രാധിക ശ്യാം, സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു സജീവൻ, പ്രീത രാജേഷ്, കൗൺസിലർ വിജി മോൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.