വൈക്കം: നാട്ടിൻപുറങ്ങളിൽ തെരുവുനായ് ശല്യത്തിനു പുറമെ കാട്ടുപൂച്ച, മരപ്പട്ടി, ഉടുമ്പ് തുടങ്ങിയവയുടെ ഭീഷണി വർധിച്ചതോടെ താറാവ്, മുട്ടക്കോഴി കർഷകർ ദുരിതത്തിലായി. ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾ ഉപജീവനത്തിനായി വളർത്തുന്ന താറാവും മുട്ടക്കോഴികളുമാണ് തെരുവുനായ്ക്കളുടെയും കാട്ടുപൂച്ച, മരപ്പട്ടി തുടങ്ങിയവയുടെ ആക്രമണം മൂലം ദിനംപ്രതി ചത്തൊടുങ്ങുന്നത്. കാട്ടുപൂച്ചയും തെരുവുനായും കൂട്ടിൽ കടന്നാൽ ഭയന്ന് ഓടുന്ന താറാവുകളുടെ മുട്ട കലങ്ങിപ്പോകുന്നത് കർഷകർക്ക് കനത്ത പ്രഹരമാണ്. തലയാഴം പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലെ ശ്രീനാരായണ മന്ദിരത്തിൽ ജീസ് മോന്റെ ഭാര്യ അമ്പിളിയുടെ താറാവിൻ കൂട്ടിൽ കാട്ടുപൂച്ചയും തെരുവു നായ്ക്കളും രാത്രി വല തകർത്ത് അകത്തുകടന്ന് താറാവുകളെ കടിച്ചു കൊന്നു.
താറാവുകൾ പിന്നീട് ഒന്നര മാസത്തോളം മുട്ടയിട്ടില്ല. 300ഓളം മുട്ടത്താറാവുകളെ വളർത്തുന്ന അമ്പിളിക്ക് തീറ്റയിനത്തിൽ ദിവസേന നല്ലൊരു തുക ചെലവാകും. മുട്ട കിട്ടാത്ത സാഹചര്യത്തിൽ താറാവുകളെ തീറ്റ നൽകി സംരക്ഷിക്കാൻ കർഷകർ വളരെ പ്രയാസപ്പെടുന്നുണ്ട്. പരമ്പരാഗതമായി അമ്പിളിയുടെ കുടുംബം താറാവ് വളർത്തുന്നു. ഇവരുടെ നിരവധി താറാവുകളെയാണ് തെരുവുനായ്ക്കളും കാട്ടുപൂച്ചയും കൊന്നത്. തലയാഴം പഞ്ചായത്തിലെ മൂന്നാം വാർഡ് ചെട്ടിക്കരിയിലെ ഓമനക്കുട്ടന്റെ 20 മുട്ടത്താറാവുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നത് രണ്ടുമാസം മുമ്പാണ്.
ഉദയനാപുരം നക്കംതുരുത്തിന് സമീപം ആയിരത്തോളം മുട്ടത്താറാവുകളെ വളർത്തിയിരുന്ന കർഷകന്റെ താറാവിൻകൂട് തകർത്ത് തെരുവുനായ്ക്കൾ അകത്തു കയറിയതിനെ തുടർന്ന് കൂടിനുള്ളിൽ തിങ്ങി ശ്വാസം മുട്ടി മുന്നൂറോളം താറാവുകൾ ചത്തു. ടി.വി പുരം ചെമ്മനത്തുകരയിൽ അസുഖ ബാധിതരായ ദമ്പതികൾ വളർത്തിയിരുന്ന 30 മുട്ടക്കോഴികളെ കൂടുതകർത്ത് അകത്തു കയറി തെരുവുനായ്ക്കൾ കൊന്നത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. വയോധിക ദമ്പതികൾ മുട്ടക്കോഴി വളർത്തിയാണ് മരുന്ന് വാങ്ങാൻ പണം കണ്ടെത്തിയിരുന്നത്. താറാവുകൾക്കും കോഴികൾക്കും പുറമെ നിർധന കുടുംബങ്ങൾ വളർത്തുന്ന ആടുകളെയും തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നൊടുക്കുന്നത് വ്യാപകമാണ്. തദ്ദേശസ്ഥാപനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്ന താറാവും കോഴിയും വളർത്തുമൃഗങ്ങളുമാണ് ചത്തൊടുങ്ങുന്നതിൽ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.