പാസില്ലാതെ കടത്തിയ മണ്ണ് തഹസില്‍ദാർ പിടിച്ചു; വാഹനം ഏറ്റെടുക്കാതെ പൊലീസ്

വൈക്കം: കടത്തിക്കൊണ്ടുപോയ ഒരു വണ്ടി മണ്ണു പിടിച്ച് പുലിവാലിലായി വൈക്കം ഡെപ്യൂട്ടി തഹസില്‍ദാറും റവന്യൂ ഉദ്യോഗസ്ഥരും. ഡെപ്യൂട്ടി തസഹില്‍ദാർ ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഉദയനാപുരം പഞ്ചായത്തി‍െൻറ വല്ലകം ഭാഗത്തുനിന്നാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കൃത്യമായ പാസില്ലാതെ മണ്ണ് കയറ്റിവന്ന ടിപ്പര്‍ പിടിച്ചെടുക്കുന്നത്.

തുടര്‍ന്ന് ഉദയനാപുരം വില്ലേജ് ഓഫിസര്‍ എന്‍. ഷീലയുടെ നേതൃത്വത്തില്‍ മഹസര്‍ തയാറാക്കി ജിയോളജി വകുപ്പിനും വൈക്കം പൊലീസിനും കൈമാറി. മൈനര്‍ മിനറൽ മെറ്റല്‍സ് കണ്‍സ്ട്രക്ഷന്‍ ആക്ട് പ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്ന വാഹനം സൂക്ഷിക്കാൻ പൊലീസിന് കൈമാറണം.

ഇതനുസരിച്ച് വില്ലേജ് ഓഫിസര്‍ നേരിട്ടെത്തി മഹസര്‍ പൊലീസിന് കൈമാറി. എന്നാല്‍, പൊലീസ് വാഹനം ഏറ്റെടുക്കാന്‍ തയാറായില്ല.

സ്ഥലപരിമിതിമൂലം വാഹനം സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫിസറെ അറിയിച്ചു. ഒടുവില്‍ വാഹനം മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്.

വാഹനത്തിന്റെ ഉടമ ജിയോളജി വകുപ്പില്‍ പിഴ അടച്ചാല്‍ മാത്രമേ വാഹനം വിട്ടുകൊടുക്കാന്‍ സാധിക്കൂ. അതുവരെ വാഹനം സൂക്ഷിക്കേണ്ട ചുമതല റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കേണ്ടിവരും.

മുമ്പും പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി തഹസില്‍ദാര്‍ ടി.എന്‍. വിജയന്‍ അറിയിച്ചു. എന്നാല്‍, മറ്റുള്ള ഡിപ്പാര്‍ട്മെന്റുകാര്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ അവരവരുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിക്കണമെന്നാണ് നിയമമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    
News Summary - Tehsildar seizes soil smuggled without pass; Police without taking over the vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.