വൈക്കം: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകൾ രാജ്യങ്ങൾ മാനിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ വൈക്കം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ആവശ്യപ്പെട്ടു. ആധുനികലോകത്ത് അന്താരാഷ്ട്ര നിയമങ്ങൾ നടപ്പിൽവരുത്തി ലോകസമാധാനം ഉറപ്പുവരുത്താനാണ് ഐക്യരാഷ്ട്ര സഭ സ്ഥാപിക്കപ്പെട്ടത്. ലോക രാജ്യങ്ങളുടെ മഹത്തായ കൂട്ടായ്മയെ ധിക്കരിക്കാനാണ് ഭാവമെങ്കിൽ ഇസ്രായേലും അവരെ പിന്തുണക്കുന്ന സാമ്രാജ്യത്വശക്തികളും വലിയ വില നൽകേണ്ടിവരുമെന്നും ജമാഅത്ത് കൗൺസിൽ അറിയിച്ചു.
ഏതെങ്കിലും ജനവിഭാഗത്തോട് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയല്ല മറിച്ച് ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം വളരെ ആസൂത്രിതമായി ഗസ്സയിൽ നടപ്പാക്കുന്ന വംശിയോന്മൂലത്തിനെതിരായ ലോക മനഃസാക്ഷിയുടെ പ്രതിഷേധം ഉയർത്തിക്കാട്ടുക മാത്രമാണ് ഐക്യദാർഢ്യ സംഗമങ്ങളുടെ ലക്ഷ്യം.
താലൂക്ക് പ്രസിഡന്റ് എം. അബു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു.
തിരുനക്കര പുത്തൻപള്ളി ചീഫ് ഇമാം മഅ്മൂൻ ഹുദവി മുഖ്യപ്രഭാഷണം നിർവഹിച്ചു. റഷീദ് മങ്ങാടൻ, സി.സി. നിസാർ, എം.ബി അമീൻഷാ, പി.എ ഇബ്രാഹിംകുട്ടി, അലി ബാഖവി, ഹുസൈർ ബാക്കവി, ജസീര്‍ ഫൈസാനി, റിയാസ് ദാരിമി, അനസ് ബാക്കവി, അമീൻ കൗസരി, അബ്ബാസ് അസ്ഹരി, ശിഹാബുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു. ഷാജി വടകര, നിസാം ഇത്തിപ്പുഴ, ഷാഹുൽ ഹമീദ്, ശിഹാബ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.