വൈക്കം: വൃക്കകൾ തകരാറിലായ മകന്റെ ജീവൻ രക്ഷിക്കാൻ നിർധന മാതാപിതാക്കൾ സുമനസ്സുകളുടെ കനിവ് തേടുന്നു. വൈക്കം നഗരസഭ 14ാം വാർഡിൽ മുതിരപ്പറമ്പിൽ ഷാജിമോനും ഭാര്യ ബിനിയുമാണ് മകൻ അതുൽഷാജിയുടെ (20) ശസ്ത്രക്രിയക്കായി സഹായം തേടുന്നത്. ബിനിയാണ് അതുലിന് വൃക്ക നൽകുന്നത്. 22ന് രാവിലെയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ളത്. സി.കെ. ആശ എം.എൽ.എ, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, എസ്.എൻ.ഡി.പി യൂനിയൻ ശാഖ ഭാരവാഹികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവരുടെ ശ്രമഫലമായി ആറരലക്ഷത്തോളം രൂപ സമാഹരിക്കാനായിട്ടുണ്ട്. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 20 ലക്ഷത്തോളം രൂപ ചെലവുവരും. കൂലിപ്പണിക്കാരനായ ഷാജിക്കും തൊഴിലുറപ്പ് പണിക്കു പോകുന്ന ബിനിക്കും മകന് മരുന്ന് വാങ്ങാൻപോലും നിർവാഹമില്ല.
കടം വാങ്ങി നാലു ലക്ഷത്തോളം രൂപ ചികിത്സക്കായി വിനിയോഗിച്ചിരുന്നു. ഇ.എം.എസ് ഭവന പദ്ധതി മുഖേന ഷാജിക്കും കുടുംബത്തിനും അനുവദിച്ച വീടിന്റ നിർമാണവും ഇതോടെ പാതിയിൽ നിലച്ചു. പ്ലസ് ടുവിനുശേഷം ലോജിസ്റ്റിക്സ് കോഴ്സ് പൂർത്തിയാക്കിയ അതുലിന് വയറുവേദനയും ഛർദിയുമായാണ് രോഗം തുടങ്ങിയത്. സ്കാനിങ്ങിലാണ് ഇരുവൃക്കയും ചുരുങ്ങിയതായി കണ്ടെത്തിയത്. ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. ഇരുവരെയും ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സക്കായി താമസിക്കുന്ന ആശുപത്രിക്ക് സമീപം വാടകവീട് എടുത്തിട്ടുണ്ട്. അതുലിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസ്സുകൾ കൈകോർക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും നാട്ടുകാരും.
അതുലിന്റെ ബാങ്ക് അക്കൗണ്ട്: അതുൽ ഷാജി ചികിത്സ സഹായ സമിതി, യൂനിയൻ ബാങ്ക് വൈക്കം ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 553702010016470. ഐ.എഫ്.എസ്.സി കോഡ്: UBINO555371
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.