കോട്ടയം: ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പോ വി.എൻ.വാസവനോയെന്ന അനിശ്ചിതത്വത്തിന് വിരാമം. സി.പി.എം ജില്ല സെക്രട്ടറി വി.എന്‍. വാസവന് ഏറ്റുമാനൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സംസ്ഥാന സമിതി ഇളവ് നൽകിയതോടെ വി.എൻ. വാസവന് നറുക്കുവീണത്. ജില്ല സെക്രട്ടേറിയറ്റ് നിലവിലെ എം.എൽ.എ സുരേഷ് കുറുപ്പിെൻറയും വി.എൻ. വാസവെൻറയും പേരാണ് ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലേക്ക് ശിപാർശ നൽകിയത്.
രണ്ടുതവണ എം.എൽ.എയായവരും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരും സ്ഥാനാർഥികളാകേണ്ടതില്ലെന്ന തീരുമാനമുള്ളതിനാൽ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാനസമിതി കൈക്കൊള്ളട്ടെയെന്നായിരുന്നു ജില്ല സെക്രട്ടേറിയറ്റിെൻറ നിലപാട്. കുറുപ്പ് രണ്ടുതവണ എം.എൽ.എയായപ്പോൾ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വാസവൻ മത്സരിച്ച് തോറ്റിരുന്നു.
വെള്ളിയാഴ്ച ചേർന്ന സംസ്ഥാനസമിതി രണ്ടു തവണ തുടര്‍ച്ചയായി എം.എല്‍.എയായ സുരേഷ് കുറുപ്പിന് ഇളവ് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വാസവന് നറുക്കുവീണത്. സാമുദായിക സമവാക്യങ്ങളും പരിഗണിച്ചായിരുന്നു ലോക്സഭയില്‍ മത്സരിച്ച് പരാജയപ്പെട്ട വാസവന് ഇളവ് നൽകാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം.
ജില്ല സെക്രേട്ടറിയറ്റ് ഏറ്റുമാനൂരിൽ പ്രഥമ പരിഗണനയില്‍ നല്‍കിയിരുന്ന പേര് സുരേഷ് കുറുപ്പിേൻറതായിരുന്നു. പാര്‍ട്ടിയിലെ പ്രബല വിഭാഗവും കുറുപ്പിനെ അനുകൂലിച്ചിരുന്നു. ലിസ്റ്റിൽ രണ്ടാമതായിരുന്നു വാസവെൻറ പേര്. കോട്ടയത്ത് കെ. അനില്‍കുമാറിനെയും പുതുപ്പള്ളിയില്‍ ജയ്ക് സി.തോമസിനെയും മത്സരിപ്പിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ജില്ല സെക്രട്ടറിയറ്റ് ഇവരുടെ മാത്രം പേരുകളാണ് നൽകിയിരുന്നത്.
പൂഞ്ഞാര്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുനല്‍കാനും സംസ്ഥാനതലത്തിൽ ധാരണയായി. പൂഞ്ഞാര്‍ സീറ്റ് സി.പി.എം ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ് മത്സരിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.
അതേസമയം, എല്‍.ഡി.എഫിെൻറ ജില്ലയിലെ സീറ്റ് വിഭജനവും പൂര്‍ണതയിലെത്തിയിട്ടില്ല. ഏറ്റുമാനൂര്‍ ഒഴികെ കഴിഞ്ഞതവണ സംയുക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് എം ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍, റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് നല്കാന് തീരുമാനിച്ചതോടെ കോട്ടയത്ത് ഒരുസീറ്റ് കേരള കോണ്‍ഗ്രസിന് നഷ്ടമാകുമെന്നാണ് സൂചന. റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തിൽ പത്തനംതിട്ട സി.പി.എം ജില്ല നേതൃത്വം കടുത്ത അമർഷത്തിലാണ്. ഇവർ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയർത്തുമെന്നാണ് സൂചന.
അതിനിടെ കേരള കോൺഗ്രസിന് കാഞ്ഞിരപ്പള്ളി വിട്ടുനൽകുന്നതിന് പകരമായി ചങ്ങനാശ്ശേരി സീറ്റ് വേണമെന്ന ആവശ്യവുമായി സി.പി.ഐ ശക്തമായി രംഗത്തുണ്ട്. ചങ്ങനാശ്ശേരി സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് ലഭിക്കില്ലെന്നും ഉറപ്പായി.
ഇക്കാര്യം സി.പി.എം ജനാധിപത്യ കേരള കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞതവണ ജനാധിപത്യ കേരള കോൺഗ്രസായിരുന്നു ചങ്ങനാശ്ശേരിയിൽ മത്സരിച്ചത്. പൂഞ്ഞാറടക്കം നാലു സീറ്റുകളായിരുന്നു കഴിഞ്ഞതവണ ഇവർക്ക് ലഭിച്ചത്. ഇത്തവണ തിരുവനന്തപുരം സീറ്റ് മാത്രമാണ് ലഭിക്കുക. ഇവിടെ ആൻറണി രാജു സ്ഥാനാർഥിയാകും.
ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് എൽ.ഡി.എഫ് വിടുമെന്ന് അഭ്യൂഹങ്ങളും ഉയർന്നു. എന്നാൽ, ഇടതുമുന്നണിയില്‍ തുടരുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ് അറിയിച്ചു. എൽ.ഡി.എഫിൽനിന്ന് നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ പാർട്ടി നാല് സീറ്റുകളില്‍ മത്സച്ചിരുന്നു. ഇത്തവണ രണ്ടാമതൊരു സീറ്റുപോലും തരാനാകില്ലെന്ന് പറഞ്ഞത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.