വാഴൂർ: നിലപാടുകളിലെ കാർക്കശ്യം കൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായി മാറിയ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഓർമയായിട്ട് ഞായറാഴ്ച ഒരുവർഷം. പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ നിലപാടുകൾ കൃത്യമായും വ്യക്തമായും അവതരിപ്പിക്കുന്ന നേതാവായിരുന്നു കാനം.
ഇടത് സർക്കാറിന്റെ പ്രവർത്തനങ്ങളിലും മുന്നണി നിലപാടുകളിലും തിരുത്തൽ ശക്തിയായിരിക്കുമ്പോഴും പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കുവാൻ മുന്നിൽ നിന്നു. 73 വയസായിരുന്ന കാനം ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
വാഴൂരിലെ കാനം എന്ന കൊച്ചുഗ്രാമത്തിന് കേരള രാഷ്ടീയത്തിൽ തന്റെ പേരിലൂടെ ഇടം നേടിക്കൊടുത്ത വ്യക്തിയാണ് അദ്ദേഹം. 1982ലും, 1987ലും വാഴൂരിൽ നിന്ന് നിയമസഭാംഗമായി. 1984-ൽ ഏറ്റവും മികച്ച നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അക്കാലത്ത് നിയമസഭാ ലൈബ്രറി ഏറ്റവും കൂടുതൽ ഉപയോഗിച്ച നിയമസഭാ സാമാജികൻ കാനമായിരുന്നു.
1950 നവംബർ 10 ന് കൊച്ചുകളപുരയിടത്തിൽ വി.കെ.പമേശ്വരൻ നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മൂത്ത മകനായാണ് ജനനം. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1969-ൽ സി.കെ.ചന്ദ്രപ്പൻ എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്റായിരിക്കെ 19 കാരനായ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി. കേരളത്തിലെ വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹിയായിരുന്നു അദ്ദേഹം.
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. രണ്ടു തവണ സി.പി.ഐ.കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. 2015ലാണ് ആദ്യമായി സംസ്ഥാന സെക്രട്ടറിയാകുന്നത്. 2018 ലും 2022 ലും വീണ്ടും സംസ്ഥാന സെക്രട്ടറിയായി.
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് കാനം സ്മൃതി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വനജയാണ് ഭാര്യ. മക്കൾ: സന്ദീപ്, സ്മിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.