വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ചാമംപതാലിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ഒ.പി കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാഷണൽ ആയുഷ് മിഷനിൽനിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഒ.പി കെട്ടിടം നിർമിച്ചത്. ആധുനിക നിലവാരത്തിലുള്ള കെട്ടിടമാണ് തയാറാക്കിയിരിക്കുന്നത്. നിലവിൽ നൂറോളം പേർ ഡിസ്പെൻസറിയുടെ സേവനം ദിവസേന പ്രയോജനപ്പെടുത്തുന്നുണ്ട്. ആയുർവേദ ഡിസ്പെൻസറിക്ക് പതിനേഴാം മൈലിലും കീച്ചേരിപ്പടിയിലും സബ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
ബുധനാഴ്ച ദിവസങ്ങളിൽ കീച്ചേരിപ്പടിയിലും വെള്ളിയാഴ്ച ദിവസങ്ങളിൽ പതിനേഴാംമൈലിലും സേവനം ലഭ്യമാണ്. പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ക്രമീകരിച്ചിട്ടുണ്ട്. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, വൈസ് പ്രസിഡന്റ് ഡി.സേതുലക്ഷ്മി, സ്ഥിരംസമിതി അധ്യക്ഷരായ ജിജി നടുവത്താനി, പി.ജെ.ശോശാമ്മ, ശ്രീകാന്ത് പി.തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് വെട്ടുവേലിൽ, എസ്.അജിത്കുമാർ, ജിബി പൊടിപ്പാറ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.