കോട്ടയം: കങ്ങഴയിൽ കുറുക്കന്റെ ആക്രമണം വീണ്ടും; മൂന്നുപേർക്ക് കടിയേറ്റു. ഒരു പശുവിനെയും കുറുക്കൻ ആക്രമിച്ചു. കടിയേറ്റവർ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ഞായറാഴ്ച രാവിലെ ആറോടെയാണ് ജനവാസമേഖലയിലിറങ്ങിയ കുറുക്കൻ ആക്രമണം തുടങ്ങിയത്.
വീട്ടുമുറ്റത്തുവെച്ച് കൃഷ്ണപുരത്ത് ശ്രീജയെയാണ് (41) ആദ്യം കടിച്ചത്. മുഖത്തും ദേഹത്തും മാന്തുകയും ചെയ്തു. ബഹളം കേട്ട് ഭർത്താവെത്തി ശ്രീജയെ രക്ഷിക്കുകയായിരുന്നു. ഇവിടെനിന്ന് ഓടിപ്പോയ കുറുക്കൻ ടാപ്പിങ്ങിന് പോയിരുന്ന കരിമ്പോലിൽ ഷാജഹാന്റെ (56) കാലിൽ കടിച്ചു.
മുഖത്ത് മാന്തുകയും ചെയ്തു. പിന്നീട് റിട്ട. തഹസിൽദാർ പ്രകാശന്റെ വീട്ടിലെ മൂന്ന് പട്ടികളുമായി കടിപിടി കൂടിയശേഷം അൻസാരിയുടെ വീട്ടിലെ ഒരു മാസം പ്രായമായ പശുക്കിടാവിനെ ആക്രമിച്ചു. പശുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അൻസാരിയെയും കടിച്ച് കുറുക്കൻ ഓടിമറയുകയായിരുന്നു.
നാട്ടുകാർ പരിശോധന നടത്തിയെങ്കിലും കുറുക്കനെ കണ്ടെത്താനായില്ല. കടിയേറ്റവർ പാമ്പാടി താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലുമെത്തി ആദ്യ കുത്തിവെപ്പെടുത്തു. പശുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് കുത്തിവെപ്പ് നൽകി. തിങ്കളാഴ്ച കാന ഗവ. വെറ്ററിനറി ആശുപത്രിയിലെ ഡോക്ടറെത്തി തുടർകുത്തിവെപ്പിന് നടപടി സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം മൂന്നുപേരെയും വീട്ടിലെത്തി കാണുകയും പഞ്ചായത്തിൽ പരാതി നൽകാനും നിർദേശിച്ചു. വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച പഞ്ചായത്തിൽ അടിയന്തിര യോഗം ചേരും. ആറുമാസം മുമ്പ് കൊടുങ്ങൂർ പഞ്ചായത്തിൽ മൂന്ന് പശുക്കൾ കുറുക്കന്റെ കടിയേറ്റ് ചത്തിരുന്നു. പഞ്ചായത്ത് ഇടപെട്ട് ഇവർക്ക് പകരം പശുക്കളെ നൽകുകയും സഹായം എത്തിക്കുകയും ചെയ്തു. റബർ എസ്റ്റേറ്റുകളിലെ കാട് വെട്ടാത്തതിനാൽ കുറുക്കന്റെയും പന്നിയുടെയും ശല്യം രൂക്ഷമാണ്.
വ്യാപകമായി കൃഷി നശിപ്പിക്കുന്നുമുണ്ട്. ഇതിന് പരിഹാരം കാണണമെന്നും നഷ്ടപരിഹാരമടക്കം സഹായം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം. കുറുക്കന്റെ ശല്യം ഒഴിവാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.