കോഴിക്കോട്: പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും ഭാവിപ്രവർത്തനങ്ങളും ചർച്ചചെയ്യുന്ന കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക്. ശനിയാഴ്ച രാവിലെ 9.30ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പതാകയുയര്‍ത്തുന്നതോടെ ശിബിരത്തിന് തുടക്കമാകും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ബീച്ചിലെ 'ലീഡര്‍ കെ. കരുണാകരന് നഗറി'ലാണ് (ആസ്പിന്‍ കോര്‍ട്ട് യാര്‍ഡ്) രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം നടക്കുക. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം ഒത്തുചേരും. 191 പ്രതിനിധികളാണ് പങ്കെടുക്കുക. സംസ്ഥാന ചിന്തൻ ശിബിരത്തിന് ശേഷം ജില്ല, ബ്ലോക്ക് തലങ്ങളിലും പരിപാടി സംഘടിപ്പിക്കും.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ ദ്വിഗ്വിജയ് സിങ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കും.
ചിന്തൻ ശിബിരത്തിലെ അഞ്ച് കമ്മിറ്റികളിൽ ഏറ്റവും പ്രധാനം മിഷൻ 24 എന്ന കമ്മിറ്റിയാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങളാകും ഈ കമ്മിറ്റി മെനയുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെയർമാനും എം.ജെ. ജോബ് കൺവീനറുമായ കമ്മിറ്റിയാണ് മിഷൻ 24 കമ്മിറ്റിയെ നയിക്കുന്നത്. വി.കെ. ശ്രീകണ്ഠൻ എം.പി ചെയർമാനും എ.എ. ഷുക്കൂർ കൺവീനറുമായ പൊളിറ്റിക്കൽ കമ്മിറ്റി, ബെന്നി ബെഹന്നാൻ എം.പി ചെയർമാനും വി.പി. പ്രതാപചന്ദ്രൻ കൺവീനറുമായ ഇക്കണോമിക്കൽ കമ്മിറ്റി, എം.കെ. രാഘവൻ എം.പി ചെയർമാനും അബ്ദുൽ ലത്തീഫ് കൺവീനറുമായ ഓർഗനൈസേഷൻ കമ്മിറ്റി, കൊടിക്കുന്നിൽ സുരേഷ് എം.പി ചെയർമാനും ആര്യാടൻ ഷൗക്കത്ത് കൺവീനറുമായ ഔട്ട്റീച്ച് കമ്മിറ്റി എന്നിവരാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളുടെ ക്രോഡീകരണം നടത്തുക. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ശിബിരം ഗ്രൗണ്ടില്‍ കലാസാംസ്കാരിക സദസ്സ് നടക്കും. കലാ സാംസ്കാരിക പ്രവര്‍ത്തകരുടെ സംഗമത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കും. ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബു എന്നിവരുടെ നേതൃത്വത്തിലാണ് ചിന്തൻ ശിബിരത്തിനുള്ള ഒരുക്കം നടത്തുന്നത്.
ചിന്തൻ ശിബിരത്തിന് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, കെ.എസ്.യു സംഘടനകളുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു. കെ. പ്രവീൺ കുമാർ, കെ.സി. അബു, അഡ്വ. എം. രാജൻ, ദിനേശ് പെരുമണ്ണ, ഗൗരി പുതിയോത്ത്, ഉഷ ഗോപിനാഥ്, വി.ടി നിഹാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.