ഹരിദാസൻ വധം: എട്ടു പ്രതികളുടെ ജാമ്യഹരജിയിൽ ഇന്ന് വാദം

തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കോരമ്പിൽ താഴെക്കുനിയിൽ കെ. ഹരിദാസൻ (54) വധക്കേസിൽ കുറ്റപത്രം തയാറാകുന്നു. സംഭവം നടന്ന് 90 ദിവസം തികയുന്നതിന് മുമ്പ് ഇത് കോടതിയിലെത്തിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനിടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിൽ ജയിലിൽ കഴിയുന്ന എട്ടു പ്രതികൾ നൽകിയ ജാമ്യഹരജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും. കെ.വി. വിമിൻ, അമൽ മനോഹരൻ, പി.കെ. അശ്വന്ത്, അർജുൻ, ദീപക് സദാനന്ദൻ, അഭിമന്യു, ശരത്ത്, ആത്മജൻ എന്നിവരാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭാംഗവുമായ കെ. ലിജേഷ് ഉൾപ്പെടെ 15 പ്രതികൾ ഇതുവരെ അറസ്റ്റിലായി. ഇതിൽ മൂന്നാംപ്രതി ഗോപാലപ്പേട്ടയിലെ എം. സുനേഷ് മാത്രമാണ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞവരിൽ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണുള്ളത്. കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരയോടെയാണ് സ്വന്തം വീട്ടുമുറ്റത്ത് ഹരിദാസൻ വധിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസംതന്നെ ആദ്യ അറസ്റ്റ് നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.