കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ നടപടികൾ ആരംഭിച്ചു. ‘വാഹനി’ൽ ലഭ്യമായ അപേക്ഷകളിൽ വിവിധ ക്രമക്കേടുകൾ നടത്തിയതായി വകുപ്പ് വിജിലൻസ് കണ്ടെത്തിയതിനെത്തുടർന്നാണ് വിവിധ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ആരംഭിച്ചത്. ആർ.സി കാൻസലേഷൻ വിവരങ്ങൾ പരിശോധിച്ചതിൽ പല അപേക്ഷകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ സർക്കാറിന് ഭീമമായ നഷ്ടം വരുത്തിയതായാണ് തെളിഞ്ഞത്. കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി ക്ലിയർ ചെയ്ത് എൻട്രി ചെയ്യുന്നതിലും വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിലും ക്രമക്കേടുകൾ കണ്ടെത്തി. പല ആർ.ടി ഓഫിസുകളിലും ലൈസൻസുകൾ അനധികൃതമായി പുതുക്കി നൽകുകയാണ്. ടാക്സ്, ഇൻഷുറൻസ്, പി.യു.സി.സി രേഖകൾ ഇല്ലാത്ത വാഹനങ്ങളുടെ ഹെവി ലൈസൻസ് പുതുക്കി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
നടപടികൾ പാലിക്കാതെയാണ് പല ഓഫിസിലും ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്നാണ് പരിശോധനകളിൽ ബോധ്യപ്പെട്ടത്. ഒരു വർഷത്തിനുള്ളിൽ 168 ആർ.സികൾ സ്വന്തം റിപ്പോർട്ടിന്മേൽ കാൻസൽ ചെയ്തെന്ന് ആരോപിച്ച് ചേർത്തല ആർ.ടി ഓഫിസിലെ ജോ. ആർ.ടി.ഒ ജെ.ബി.ഐ. ചെറിയാനെ സസ്പെൻഡ് ചെയ്തു. ആർ.സി കാൻസൽ ചെയ്യാൻ അപേക്ഷ ലഭിച്ച് എ.എം.വി.ഐ റിപ്പോർട്ടിന്മേൽ മാത്രമേ കാൻസൽ സർട്ടിഫിക്കറ്റ് നൽകാൻ പറ്റൂ എന്നിരിക്കെ സ്വന്തമായി റിപ്പോർട്ട് തയാറാക്കി കാൻസലേഷൻ അനുവദിച്ചു എന്നതാണ് സസ്പെൻഷനിടയാക്കിയത്. ആളുകൾ എത്താതെയും റോഡ് ടെസ്റ്റ് നടത്താതെയും ലൈസൻസ് പുതുക്കി നൽകൽ, ആർ.സി സേവനങ്ങൾ എന്നിവയിലാണ് ഏറെയും ക്രമക്കേടുകൾ. കൂടുതൽ ഉദ്യോസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ നടപടികളുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.