കോഴിക്കോട്: ജൽജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയതായി സബ്കലക്ടർ ഹർഷിൽ ആർ. മീണ ജില്ല വികസന സമിതി യോഗത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പരാതികൾ ഉയർന്നതിനെ തുടർന്ന് കരാറുകാരുടെയും എൻജിനീയർമാരുടെയും യോഗങ്ങൾ ചേർന്നിരുന്നു. ബിൽ കുടിശ്ശികയാണ് കരാറുകാർ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയം. എങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകൾക്ക് പുറമെ ഗ്രാമീണ റോഡുകളും ഇത്തരത്തിൽ കീറിയശേഷം പ്രവൃത്തി നടത്താത്ത അവസ്ഥയുണ്ടെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉന്നയിച്ചു. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കണമെന്ന് ജില്ല വികസനസമിതി അധ്യക്ഷനായ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശിച്ചു. ജില്ലയിൽ സർവേയർമാരുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത് പല ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികളെയും ബാധിക്കുന്നു. 15 സർവേയർമാരെ ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചു സർക്കാറിന് കത്ത് അയച്ചതായി ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) അറിയിച്ചു.
ലോകനാർകാവ് മ്യൂസിയം പദ്ധതി നിർമാണം അടുത്ത ആഴ്ച തുടങ്ങുമെന്ന് വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കിഡ്ക്ക് ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിൽ സമഗ്ര കനാൽ നവീകരണത്തിനായി 175 കോടിയുടെ നിർദേശം സർക്കാർ മുമ്പാകെ സമർപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ 45 ഓളം പഞ്ചായത്തുകളിലും നിരവധി മുനിസിപ്പാലിറ്റികളും വെള്ളമെത്തിക്കുന്ന പ്രധാന പദ്ധതിയായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പല കനാലുകളും കാലപ്പഴക്കത്താൽ പ്രശ്നങ്ങൾ നേരിടുകയാണ്. അക്വഡറ്റുകൾ തകർച്ചയുടെ വക്കിലാണ്. നാലു ഘട്ടങ്ങളിലായി കനാലുകളുടെ നവീകരണ പ്രവൃത്തി നടപ്പാക്കാനാകും. ആദ്യഘട്ടത്തിൽ 45 കോടി രൂപ വേണ്ടിവരുമെന്നാണ് കരുതുന്നത്. നബാർഡ് ഫണ്ടിന് വേണ്ടിയാണ് ശ്രമിക്കുന്നത്.
കുന്ദമംഗലം ബി.ആർ.സി കെട്ടിട നിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കാൻ കലക്ടർ നിർദേശിച്ചു. കളൻതോട്-കൂളിമാട് റോഡിൽ വൈദ്യുത പോസ്റ്റുകളും ട്രാൻസ്ഫോർമറും മാറ്റുന്ന കാര്യത്തിൽ കെ.എസ്.ഇ.ബി ഉണർന്നുപ്രവർത്തിക്കണമെന്ന് പി.ടി.എ റഹീം എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഹരിക്കാൻ കലക്ടർ നിർദേശം നൽകി.
മണിയൂരിൽ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലം യോഗ്യമല്ലെന്നും മറ്റൊരു സ്ഥലം കണ്ടെത്തിയതായും കെ.എസ്.ഇ.ബി അറിയിച്ചു. എന്നാൽ, വെറുതെ ഭൂമി തരാമെന്ന് മുനിസിപ്പാലിറ്റി പറഞ്ഞ സ്ഥിതിക്ക് അക്കാര്യം ഒന്നുകൂടി പരിശോധിക്കണമെന്ന് കുറ്റ്യാടി എം.എൽ.എ നിർദേശിച്ചു. കുറ്റ്യാടി -പക്രംതളം ചുരം റോഡ് പുനരുദ്ധാരണ പ്രവൃത്തി കരാർ നൽകി. മൂന്ന് റീച്ചായാണ് പ്രവർത്തനം നടത്തുക. കുറ്റ്യാടി ബൈപ്പാസിന് ഭൂമി ഏറ്റെടുക്കാൻ ഫണ്ടില്ലെന്ന വാദം എം.എൽ.എ നിഷേധിച്ചു. കിഫ്ബിയിൽ പണം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടകര-മാഹി കനാൽ പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത വകയിൽ ഉടമകൾക്കുള്ള നഷ്ടപരിഹാരം ഒരു മാസത്തിനുള്ളിൽ നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വടകര-മാഹി കനാലിന്റെ ഭാഗമായി വരുന്ന കോട്ടപ്പള്ളി പാലത്തിന് ഭരണാനുമതിയായെങ്കിലും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല.
താലൂക്ക് ആശുപത്രികളിൽ 21 ഗൈനക്കോളജിസ്റ്റ് വേണ്ടിടത്ത് നാലുപേരുടെ കുറവുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എ.ഡി.എം കെ. അജീഷ്, അസി. കലക്ടർ ആയുഷ് ഗോയൽ, ജില്ല പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.