കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയുടെ സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിക്കുകയും പിന്തുടർന്ന് തടയാൻ ശ്രമിച്ച ഭർത്താവിനെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. പന്നിയങ്കര സ്വദേശി ഇഖ് ലാസ് (28), വെള്ളയിൽ നാലുകൂടിപറമ്പിലെ ഖാലിദ് അബാദി (24), ഇരിട്ടി സ്വദേശി കീഴൂർ രാജേഷ് (ഇരിട്ടി രാജേഷ് -33) എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം.
പുതിയപാലം സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ വീട്ടമ്മയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയും 90,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. പ്രതികളെ പിന്തുടർന്ന വീട്ടമ്മയുടെ ഭർത്താവിനെ സൗത്ത് ബീച്ചിന് സമീപത്തുവെച്ച് മാരക ആയുധങ്ങൾ കൊണ്ട് സംഘം പരിക്കേൽപിക്കുകയും ചെയ്തു.
കത്തികൊണ്ടുള്ള ആക്രമണത്തിൽ വാരിയെല്ലുകൾക്കും മുഖത്തെ എല്ലിനും പൊട്ടലുണ്ടായ ഗൃഹനാഥൻ ഇപ്പോഴും ചികിത്സയിലാണ്. കേസിലെ ഒന്നാംപ്രതി ബേപ്പൂർ സ്വദേശി ആഴണിക്കൽ അഭിരാം (ലൂക്ക -23) എലത്തൂർ പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്നു കേസിൽ അറസ്റ്റിലായി റിമാൻഡിൽ ജയിലിൽ കഴിയുകയാണ്.
അറസ്റ്റിലായ പ്രതികൾക്ക് കേരളത്തിനകത്തും പുറത്തും ഒട്ടനവധി സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ കസബ പൊലീസും ടൗൺ അസി. കമീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.