നിയമന ക്രമക്കേടിനെതിരെ സമരം; കൗൺസിലർമാർക്കെതിരെ സി.ഡി.പി.ഒയുടെ പരാതി

മുക്കം: അംഗൻവാടി ജീവനക്കാരുടെ നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ശിശു വികസന പദ്ധതി ഓഫിസിൽ സമരം നടത്തിയ യു.ഡി.എഫ് കൗൺസിലർമാർ ചൈൽഡ് ഡെവലപ്മൻെറ് പ്രോജക്ട് ഓഫിസറെ അപമാനിച്ചതായി പരാതി. മുക്കം നഗരസഭ കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം. മധു, എം.കെ. യാസിർ, കൃഷ്ണൻ വടക്കയിൽ എന്നിവർക്കെതിരെയാണ് സി.ഡി.പി.ഒ അനിത കുമാരി മുക്കം പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 11ന് ഓഫിസിലില്ലാത്തപ്പോൾ അവിടെ കയറിവന്ന് തനിക്കെതിരെ അപകീർത്തികരമായ മുദ്രാവാക്യം മുഴക്കുകയും ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു. ഓഫിസ് സമയത്തിനുശേഷവും വീട്ടിൽ പോകാൻ വിടാതെ ജീവനക്കാരെ തടഞ്ഞുവെച്ചതായും പൊലീസ് ഇടപെട്ട്‌ ജീവനക്കാരെ മോചിപ്പിച്ചശേഷം കൗൺസിലർമാർ അപകീർത്തികരമായ മുദ്രാവാക്യം വിളിച്ച് റോഡിലൂടെ പ്രകടനം നടത്തുകയും ചെയ്തായി പരാതിയിൽ പറയുന്നു. അടുത്ത ദിവസം 12ന് നഗരസഭയുടെ ഇ.എം.എസ് ഹാളിൽ യോഗം നടക്കുന്നതിനിടെ അംഗൻവാടി പ്രവർത്തകരുടെ മുന്നിൽവെച്ച് കൗൺസിലർ വേണു കല്ലുരുട്ടി അപമാനിക്കുകയും മറ്റു മൂന്നു കൗൺസിലർമാർ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. മേയ് ആറിന് ഇവർ അംഗൻവാടി ജീവനക്കാരുടെ നിയമനം സംബന്ധിച്ച് സംശയം ഉന്നയിച്ച് ഓഫിസിൽ വന്നെങ്കിലും ജില്ല ശിശു വികസന ഓഫിസർ ആവശ്യമായ വിശദീകരണം നൽകിയിരുന്നുവെന്നും സി.ഡി.പി.ഒ. പറഞ്ഞു. സി.ഡി.പി.ഒയുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കൗൺസിലർമാർക്കെതിരെ കേസെടുത്തതായി മുക്കം പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.