കൂളിമാട് പാലം അപകടം: സമഗ്ര അന്വേഷണത്തിന് ആവശ്യം

കൂളിമാട്: ചാലിയാറിനുകുറുകെ കൂളിമാട് കടവിൽ നിർമാണത്തിലുള്ള പാലത്തിന്റെ ബീം നിലംപൊത്തിയ സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ആവശ്യമുയരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ജീവാപായത്തിൽനിന്നും വലിയ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ടത്. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തി‍ൻെറ മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്തെ ബീമാണ് തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് നിലംപൊത്തിയത്. തൂണിന്റെ പിയർ ഗ്യാപിന് മുകളിൽ സ്ലാബ് കോൺക്രീറ്റിനായി ഉറപ്പിക്കാൻ ബീം ഉയർത്തുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. രണ്ട് ഹൈഡ്രോളിക് ജാക്കിയിൽ ഒന്ന് താഴ്ന്നതാണ് അപകടകാരണമെന്നും സാങ്കേതിക തകരാറാണ് ഇതിന് ഇടയാക്കിയതെന്നുമാണ് കരാറെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി വിശദീകരിച്ചത്. സമാന്തരമായി മൂന്ന് ബീമുകളാണ് ഓരോ സ്പാനിനുമുള്ളത്. ഇതിൽ പുറംഭാഗത്തെ ഒരു ബീം ശരിയാക്കുന്നതിനിടെയായിരുന്നു അപകടം. മറിഞ്ഞ ബീം നടുവിലുള്ള ബീമിലും അത് ചരിഞ്ഞ് മൂന്നാമത്തേതിലേക്ക് തട്ടുകയായിരുന്നു. മൂന്നാമത്തേതാണ് പുഴയിലേക്ക് തകർന്ന് നിലംപൊത്തിയത്. മറ്റു രണ്ടു ബീമുകൾക്ക് കാര്യമായി വിള്ളലുമുണ്ട്. മപ്രംഭാഗത്ത് കരയോട് ചേരുന്ന സ്പാനിന്റെ ബീമുകളാണിവ. കരയോട് ചേരുന്നവയായതിനാൽ ഇവയുടെ ഉപരിതലഭാഗം കരഭാഗത്തേക്ക് ചരിഞ്ഞ് അവസാനിക്കുന്ന നിലയിലാണ്. അതിനാൽ, ഏറ്റവും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടവയാണിത്. ജാക്കി താഴ്ത്തുന്നതിനിടെയാണ് അപകടമെന്ന് അംഗീകരിക്കുകയാണെങ്കിൽതന്നെ ഈ സമയത്ത് ഇവ കൈകാര്യം ചെയ്യുന്നതിൽ മതിയായ സൂക്ഷ്മത പാലിച്ചില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. ജീവാപായവും വലിയ ദുരന്തവും ഉണ്ടാകാനിടയാക്കിയേക്കാവുന്ന പ്രവൃത്തിയായിട്ടുപോലും ഈ സമയത്ത് ഉദ്യോഗസ്ഥരോ എൻജിനീയർമാരോ സ്ഥലത്തില്ലായിരുന്നുവത്രെ. മാത്രമല്ല, പാലത്തിന്റെ തൂണുകൾക്കടക്കം ആഘാതമോ ബലക്ഷയമോ ഉണ്ടാക്കിയേക്കാവുന്ന അപകടത്തിന് സാധ്യതയുള്ളതിനാൽ ആ വിധത്തിലുള്ള ജാഗ്രത പുലർത്തിയില്ലെന്നാണ് ആക്ഷേപം. അതോടൊപ്പം, ചാലിയാറും ഇരുവഴിഞ്ഞിയും സംഗമിക്കുന്ന, കാലവർഷസമയത്ത് ഏറ്റവും ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്ന ഭാഗത്താണ് പാലം നിർമിക്കുന്നത്. ഈ ഭാഗത്തെ തൂണുകളുമായി ബന്ധിപ്പിക്കുന്ന ബീം തകർന്നുവീണത് പാലത്തിന്റെ മറ്റ് ബീമുകളെയും തൂണുകളെയും ബാധിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യമുണ്ട്. ജാക്കി തകരാർമൂലം ബീം തെന്നിമാറിയുണ്ടായ ചെറിയ അപകടമെന്നരീതിയിൽ ലാഘവത്തോടെ സംഭവത്തെ വിലയിരുത്താൻ നീക്കമുണ്ട്. രാഷ്ട്രീയ താൽപര്യത്തോടെ ഈ രീതിയിലുള്ള പ്രചാരണം വ്യാപകമാണ്. എന്നാൽ, സംഭവത്തെ ഗൗരവമായി കാണണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് മറുഭാഗത്തെ ആവശ്യം. തകർന്ന സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയപോരും ട്രോളുകളും തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.