താങ്ങിനിർത്താൻ താൽക്കാലിക അധ്യാപകരും

കോഴിക്കോട്​: ജില്ലയിൽ സ്​കൂൾ തുറക്കുന്നതിന്​ മുന്നോടിയായി സർക്കാർ, എയ്​ഡഡ്​ താൽക്കാലിക അധ്യാപകരുടെ അഭിമുഖവും നിയമനവും തകൃതിയായി. ഓൺലൈൻ ക്ലാസുകളായിരുന്നതിനാൽ 2020ലും 2021 നവംബർ വരെയും ദിവസവേതന നിരക്കിലുള്ള നിയമനം നടന്നിരുന്നില്ല. നവംബറിൽ സ്കൂൾ തുറന്നപ്പോൾ ചിലയിടങ്ങളിൽ അധ്യാപകരെ നിയമിച്ചിരുന്നു. സ്കൂൾ പി.ടി.എയും മറ്റുമാണ്​ നിയമനം നടത്തുന്നത്​. 1000 രൂപ ​വരെയാണ്​ വേതനം. കഴിഞ്ഞ ദിവസം വന്ന ഉത്തരവ്​ താൽക്കാലിക നിയമനങ്ങളു​ടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. സ്കൂളുകളിലെ താൽക്കാലിക നിയമനം എംപ്ലോയ്​മെന്‍റ്​ എക്സ്​ചേഞ്ച്​ വഴിയാക്കണമെന്ന്​ എംപ്ലോയ്​മെന്‍റ്​ ഡയറക്ടർ നിർ​ദേശിച്ചിരുന്നു. ഈ നിർദേശം പാലിക്കണമെന്ന്​ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവും ഇറങ്ങിയതോടെ ആശയക്കുഴപ്പം ഇരട്ടിച്ചു. മിക്ക സ്കൂളുകളിലും സ്വന്തം നിലക്ക്​ അഭിമുഖം നടത്തി നിയമനം തുടങ്ങിയിരുന്നു. പുതിയ ഉത്തരവ്​ വന്നതോടെ ​വെള്ളിയാഴ്ച പലയിടങ്ങളിലും അഭിമുഖം മാറ്റിവെച്ചിരുന്നു. ഇനി അഭിമുഖം നടത്തുമെങ്കിലും തൊഴിൽവകുപ്പ്​ എംപ്ലോയ്മെന്‍റ്​ എക്​സ്ചേഞ്ച്​ വഴിയുള്ള നിയമനത്തിനാണ്​ താൽപര്യപ്പെടുന്നത്​. എന്നാൽ, പലരും കൃത്യമായി എംപ്ലോയ്മെന്‍റ്​ എക്സ്​ചേഞ്ചുകളിൽ കൃത്യമായി പേര്​ രജിസ്റ്റർ ചെയ്​തിട്ടില്ല. നിലവിൽ സ്ഥിരം അധ്യാപകരുടെ ഒഴിവുകളാണുള്ളത്​. ജില്ലയിൽ പി.എസ്​.സിയുടെ എൽ.പി സ്കൂൾ അധ്യാപക അഭിമുഖം നടന്നു​​കൊണ്ടിരിക്കുകയാണ്​. യു.പി അധ്യാപക നിയമനത്തിനായി പരീക്ഷ നടന്നുകഴിഞ്ഞു. ചുരുക്കപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. മുൻ വർഷങ്ങളിൽ ഓൺലൈൻ ക്ലാസിന്​ താൽക്കാലിക അധ്യാപകരുടെ നിയമനം നടന്നിരുന്നില്ല. ഇതോടെ ഹൈസ്​കൂളുകളിലും ഹയർ​സെക്കൻഡറികളിലും ചില വിഷയങ്ങൾ പഠിപ്പിക്കാൻ ആളില്ലാത്ത അവസ്​ഥയായിരുന്നു. 2020ൽ വിക്​ടേഴ്​സ്​ ചാനൽ വഴി മാ​ത്രമുള്ള ക്ലാസായതിനാലാണ്​ ചെലവു​ ചുരുക്കാൻ താൽക്കാലിക അധ്യാപകരുടെ നിയമനം നടത്താതിരുന്നത്​. 2021 നവംബർ വരെ സ്​കൂളിൽനിന്ന്​ നേരിട്ട്​ ഓൺ​ലൈൻ ക്ലാസ്​ നടത്തിയിട്ടും ദിവസവേതന അധ്യാപകരെ നിയമിക്കാതിരുന്നത്​ ചിലയിടങ്ങളിൽ വിദ്യാർഥികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.