തിരുവമ്പാടി: കാട്ടുപന്നിയെ അക്രമിച്ചെന്ന പരാതിയിൽ ഗ്രാമപഞ്ചായത്തംഗം രാമചന്ദ്രൻ കരിമ്പിലിനെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവമ്പാടി ഇരുമ്പകത്ത് കാട്ടുപന്നിയുടെ കുഞ്ഞിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം രാമചന്ദ്രൻ കരിമ്പിൽ താമരശ്ശേരി റെയ്ഞ്ച് ഓഫിസിലെത്തി ജാമ്യം നേടി.
അതേസമയം, രാഷ്ട്രീയ പ്രേരിതമായ പരാതിയിലാണ് വനംവകുപ്പ് കേസെടുത്തതെന്ന് രാമചന്ദ്രൻ കരിമ്പിൽ പറഞ്ഞു. ഒന്നര വർഷം മുമ്പ് ബൈക്കിൽ സഞ്ചരിക്കവെ തന്നെ ആക്രമിക്കാനെത്തിയ കാട്ടുപന്നിയെ ജീവൻ രക്ഷാർഥം പ്രതിരോധിക്കുകയാണ് ചെയ്തത്.
കാട്ടുപന്നിയോടൊപ്പം രണ്ട് കുഞ്ഞുങ്ങളുമുണ്ടായിരുന്നു. അന്ന് രഹസ്യമായി പകർത്തിയ വിഡിയോ ദൃശ്യങ്ങൾ രാഷ്ട്രീയ പ്രേരിതമായി ഇപ്പോൾ പ്രചരിപ്പിക്കുകയാന്നെന്ന് അദ്ദേഹം ആരോപിച്ചു. കാട്ടുപന്നിയെ തല്ലികൊന്ന പഞ്ചായത്തംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എൽ.ഡി.എഫ് യോഗത്തിൽ ജോളി ജോസഫ്, റോയി തോമസ്, സി. ഗണേഷ് ബാബു, സി.എൻ. പുരുഷോത്തമൻ, അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി, പി.സി. ഡേവിഡ്, കെ.എം. മുഹമ്മദാലി എന്നിവർ സംസാരിച്ചു.
തിരുവമ്പാടി: ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും വരുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം കർഷകർക്ക് നൽകണമെന്ന് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി. അക്രമിക്കാൻ വന്ന കാട്ടുപന്നിക്കൂട്ടത്തെ ജീവരക്ഷാർത്ഥം വടിയെടുത്ത് പ്രതിരോധിച്ച പഞ്ചായത്ത് അംഗം രാമചന്ദ്രൻ കരിമ്പിലിനെതിരെ വനംവകുപ്പ് കേസെടുത്തതിൽ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. വനം വകുപ്പ് നിലപാടിനെതിരെ സമരവുമായി രംഗത്തിറങ്ങുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് അറിയിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ജിതിൻ പല്ലാട്ട്, ജുബിൻ മണ്ണുകുശുമ്പിൽ, ബാബു മുത്തേടത്ത്, ബേബിച്ചൻ കൊച്ചുവേലിൽ, ഷിബിൻ കുരീക്കാട്ടിൽ, സോണി മണ്ഡപത്തിൽ, മണ്ഡലം പ്രസിഡന്റ് സജോ പടിഞ്ഞാറെകുറ്റ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.