ജെൻഡർ ന്യൂട്രൽ യൂനിഫോം പ്രഖ്യാപനത്തിനെതിരെ പ്രതിഷേധ സംഗമം

ബാലുശ്ശേരി: ലിംഗ സമത്വത്തി‍ൻെറ പേരിൽ വിദ്യാർഥികളുടെ വസ്ത്രധാരണ രീതിയിൽ മാറ്റം അടിച്ചേൽപിക്കുന്നതിനെതിരെ കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. വസ്ത്രധാരണ രീതി അടിച്ചേൽപിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന്​ പ്രതിഷേധക്കാർ ആരോപിച്ചു. സാമാന്യയുക്തിക്ക് നിരക്കാത്തതിനാലാണ് അധ്യാപകർ വേഷവിധാനങ്ങളിൽ മാറ്റം വരുത്താൻ തയാറാകാത്തത്​. എന്നാൽ വിദ്യാർഥിനികളെ മാത്രം ഇതിന് നിർബന്ധിക്കുകയാണ്​. രക്ഷിതാക്കളുമായി മതിയായ കൂടിയാലോചനകൾ നടത്തി ആവശ്യമായ പരിഷ്കരണങ്ങൾ നടത്തണമെന്നും കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത സാഹചര്യത്തിൽ തുടർപ്രക്ഷോഭങ്ങളും നിയമ നടപടികളും സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. പ്രതിഷേധ സംഗമത്തിൽ ചെയർമാൻ അബ്​ദുൽ മജീദ് സഖാഫി കോട്ടൂർ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ്​ സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കൺവീനർ സി.പി. ബഷീർ എസ്​റ്റേറ്റ് മുക്ക്, മുജാഹിദ് ബാലുശ്ശേരി, ഫൈസൽ പാലോളി, റഫീഖ് മാസ്​റ്റർ കോട്ടൂർ, നാസർ ബാലുശ്ശേരി, പി.എച്ച്. ഷമീർ, സക്കീർ പൂനത്ത്, എം. പോക്കർ കുട്ടി മാസ്​റ്റർ, അനസ് അൻവർ തുടങ്ങിയവർ സംസാരിച്ചു. മർക്കസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ഗവ.ഗേൾസ് സ്കൂൾ കവാടത്തിനടുത്ത് പൊലീസ് തടഞ്ഞു. ബാലുശ്ശേരി പൊലീസ് നേതൃത്വത്തിലുള്ള സംഘം സ്കൂൾ കവാടത്തിൽ ക്യാമ്പ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.