ബോംബ് സ്ഫോടനം: യുവാവിന്റ മൊഴി രേഖപ്പെടുത്തി

വടകര: മണിയൂർ ചെരണ്ടത്തൂരിൽ വീടിനു മുകളിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ടോടെ വടകര എസ്.ഐ എം. നിജേഷിന്റെ നേതൃത്വത്തിലെ സംഘമാണ് മൂഴിക്കൽ മീത്തൽ ഹരി പ്രസാദിന്റെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ 16നു രാത്രിയാണ് വീടിന്റ ടെറസിൽ നടന്ന സ്ഫോടനത്തിൽ ഹരിപ്രസാദിന് ഗുരുതര പരിക്കേറ്റത്. എം.എം.സി മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാളുടെ മൊഴിയെടുക്കാൻ പലതവണ പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും പ്രതിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ മൊഴി എടുക്കാൻ കഴിഞ്ഞിരുന്നില്ല. മൊഴിയുടെ വിശദാംശങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല. സ്ഫോടനത്തിൽ ഇയാളുടെ വലതു കൈപ്പത്തി മുറിഞ്ഞു മാറുകയും ഇടതു കൈപ്പത്തിയുടെ മൂന്ന് വിരലുകൾ നഷ്ടപ്പെടുകയുംചെയ്തിട്ടുണ്ട്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.