മണ്ഡലത്തിൽ ആദ്യം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ കോഴിക്കോട് ജില്ലയിലെ 13 എം.എൽ.എമാർ മാധ്യമവുമായി പങ്കുവെക്കുന്നു
തോട്ടത്തിൽ രവീന്ദ്രൻ
മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് പദ്ധതി, കണ്ണൂർ റോഡ്, സരോവരം മേൽപാലം, ഭൂഗർഭ അഴുക്കുചാൽ, സ്റ്റേഡിയത്തിലെയും മാനാഞ്ചിറയിലെയും മൾട്ടി െലവൽ പാർക്കിങ് തുടങ്ങിയ പദ്ധതികൾക്ക് മുഖ്യപരിഗണന നൽകും. മുൻ എം.എൽ.എ തുടങ്ങിവെച്ചതും പൂർത്തിയാക്കാനിരിക്കുന്നതുമായ പദ്ധതികൾക്ക് ഇതിനകം ഫണ്ട് പാസായതുണ്ട്. അവയെല്ലാം മുഖ്യപരിഗണന നൽകി നടപ്പാക്കും. മേയർ ആയപ്പോൾ നഗരത്തിൽ നടപ്പാക്കാൻ ആസൂത്രണംചെയ്ത പദ്ധതികളെല്ലാം മുഖ്യപരിഗണന അർഹിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തെ ലോകോത്തരമാക്കുകയാണ് സ്വപ്നം.
അഹമ്മദ് ദേവർകോവിൽ
നഗരഗതാഗതം സുഗമമാക്കാനുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകും. ഇതിെൻറ ഭാഗമായി നഗര റോഡുകളുടെ നവീകരണത്തോടൊപ്പം മാങ്കാവ്, റെയിൽവേ സ്റ്റേഷൻ മേഖല എന്നിവിടങ്ങളിൽ അത്യാധുനിക ട്രാഫിക് സംവിധാനങ്ങൾ ഏർപ്പെടുത്തും. തീരദേശത്തുൾപ്പെടെ സ്കൂളുകളുടെ നവീകരണം പ്രഥമ പരിഗണനയിൽപെടും. ദശാബ്ദങ്ങൾ പഴക്കമുള്ള നിരവധി സ്കൂളുകൾ മണ്ഡലത്തിലുണ്ട്. ഇവ ഹൈടെക് ആക്കാൻ മുഖ്യ പരിഗണന നൽകും.
അഡ്വ. പി.എ. മുഹമ്മദ് റിയാസ്
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയെന്നതിനാണ് ആദ്യ പരിഗണന. കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവ ഉൾക്കൊള്ളുന്ന മണ്ഡലത്തിെൻറ സമഗ്ര വികസനമാണ് ലക്ഷ്യം. ടൂറിസം, ചെറുകിട വ്യവസായം, പരമ്പരാഗത വ്യവസായം, പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ, തുറമുഖ വികസനം, വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം എന്നിവക്കും പരിഗണന നൽകും.
എ.കെ. ശശീന്ദ്രൻ
മണ്ഡലത്തിൽ റോഡ് വികസനത്തിന് മുഖ്യപരിഗണന നൽകും. കഴിഞ്ഞ ടേമിൽ കോരപ്പുഴ പാലം നവീകരണമടക്കമുള്ള വികസനപ്രവർത്തനങ്ങൾ നടത്തിയതിെൻറ തുടർച്ച യുണ്ടാവും. കോഴിക്കോട് നഗരത്തിൽനിന്ന് ബാലുശ്ശേരിക്കുള്ള റോഡ് വർഷങ്ങളായി മോശം അവസ്ഥയിലാണ്. ഈ റോഡിെൻറ വികസനത്തിന് നേരത്തേ പണം അനുവദിച്ചിട്ടുണ്ട്. ആധുനികരീതിയിൽ ഉടൻ നവീകരിക്കും. വീതികൂട്ടുകയും ചെയ്യും. മണ്ഡലത്തിലെ മറ്റ് വികസന പ്രവർത്തനങ്ങളും മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കും.
അഡ്വ. പി.ടി.എ. റഹീം
മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും, ആരോഗ്യ കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലും മികച്ച സൗകര്യങ്ങൾ ഒരുക്കും. മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതിസൗഹൃദ വ്യവസായം ആരംഭിക്കും. മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി ചെയ്ത് മികച്ച നിലവാരത്തിലേക്ക് ഉയർത്തും. കുന്ദമംഗലം ഗവൺമെൻറ് കോളജിലും സ്കൂൾ ഓഫ് മാത്തമാറ്റിക്സിലും പുതിയ കോഴ്സുകൾ ആരംഭിക്കും. ചാത്തമംഗലം ഗവ. ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടം നിർമിച്ച് പുതിയ കോഴ്സുകൾ അനുവദിക്കും. എല്ലാ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും ഗ്രൗണ്ട് നിർമാണവും പ്രഥമപരിഗണനയിൽപ്പെടും.
ഡോ. എം.കെ.മുനീർ
കൊടുവള്ളിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പരിഗണന. ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും മുഖ്യപരിഗണയിലുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കൊടുവള്ളിയെ വിദ്യാഭ്യാസ ഹബ്ബായി മാറ്റും. കൊടുവള്ളിയിൽ ലോകോത്തര നിലവാരമുള്ള ഗോൾഡൻ സിറ്റി പദ്ധതി നടപ്പാക്കി സുവർണ നഗരിയുടെ പാരമ്പര്യം നിലനിർത്തും. വയനാട് ബദൽ റോഡ്, കൊടുവള്ളിയുടെ തുരങ്കം റോഡ് എന്നിവ സംബന്ധിച്ച് കൂടുതൽ പഠനം നടത്തി കർഷകരുടെയും വ്യാപാരികളുടെയും ആശങ്കകൾ പരിഹരിച്ച് പദ്ധതി നടപ്പാക്കുമെന്നും മുനീർ പറഞ്ഞു.
ടി.പി. രാമകൃഷ്ണൻ
പേരാമ്പ്ര മണ്ഡലത്തെ തരിശുരഹിതമാക്കാനുള്ള പ്രവർത്തനങ്ങളാണ് രണ്ടാം ടേമിൽ ആദ്യം ചെയ്യാനുദ്ദേശിക്കുന്നത്. മൃഗസംരക്ഷണവും ക്ഷീരവികസനവും സാധ്യമാക്കി ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് വരുമാനമുണ്ടാക്കും. കാർഷിക മേഖലയോടൊപ്പംതന്നെ മണ്ഡലത്തിൽ തൊഴിലവസരം സൃഷ്ടിക്കാനും മുന്തിയ പരിഗണന നൽകും. ഇതിന് സ്വകാര്യ നിക്ഷേപവും സ്വീകരിക്കും. പശ്ചാത്തല മേഖലയിൽ പേരാമ്പ്ര ബൈപ്പാസ് ഉൾപ്പെടെയുള്ള തുടങ്ങിവെച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും. മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും പ്രഥമ പരിഗണന നൽകുന്നുണ്ട്.
കെ.കെ. രമ
വടകരയിൽ കുടിവെളള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ മുന്തിയ പരിഗണന നൽകും. അതോടൊപ്പം മടപ്പള്ളി കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിയും വടകര ജില്ല ആശുപത്രിയുടെ വികസനങ്ങളും ജനങ്ങളോടൊപ്പംനിന്ന് യാഥാർഥ്യമാക്കും.
കാനത്തിൽ ജമീല
മേഖലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നന്തി - ചെങ്ങോട്ടുകാവ് ബൈപാസ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കും. സ്ഥലമെടുപ്പ് ഉൾപ്പടെയുള്ള പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായി. തീരദേശത്തും നഗരത്തിലും കുടിവെള്ളം എത്തിക്കാനുള്ള 175 കോടിയുടെ കിഫ്ബി പദ്ധതി പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടും. തരിശുഭൂമികൾ കൃഷിയോഗ്യമാക്കാൻ മുൻഗണന നൽകും. റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ ചെയ്യും. അപകട ഭീഷണി ഉയർത്തുന്ന മൂരാട്പാലം പുതുക്കിപ്പണിയുന്നത് ത്വരിതപ്പെടുത്തും.
കെ.എം. സച്ചിൻദേവ്
ബാലുശ്ശേരിയിൽ മിനി സിവിൽ സ്റ്റേഷൻ പൂർത്തീകരിക്കേണ്ടതുണ്ട്. കോക്കല്ലൂരിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. നിർമാണം പൂർത്തിയായാൽ പ്രധാന സർക്കാർ ഓഫിസുകൾ ഇേങ്ങാട്ടു മാറ്റും. ബാലുേശ്ശരി മുക്കിലെ ഗവ. താലൂക്ക് ആശുപത്രിയിലും വികസനം നടത്തും. ഏറെ പഴികേട്ട കൂട്ടാലിട-കൂരാച്ചുണ്ട് റോഡും എസ്റ്റേറ്റ്മുക്ക്- തലയാട് റോഡും ഉടൻ നന്നാക്കും. കായികതാരങ്ങളുെട നാടായ ബാലുശ്ശേരിയിൽ ഈ രംഗത്തും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
ഇ.കെ. വിജയൻ
നാദാപുരത്ത് നേരേത്ത തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് പരിഗണന നൽകും. മലയോര മേഖലയുടെ വികസനത്തോടൊപ്പം മലയോര ഹൈേവ യാഥാർഥ്യമാക്കും. മണ്ഡലത്തിൽ പോളിടെക്നിക് സ്ഥാപിക്കാൻ മുന്തിയ പരിഗണന നൽകും.
കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ
വിദ്യാഭ്യാസ, ആരോഗ്യ മേഖലക്ക് പ്രഥമ പരിഗണന നൽകും. കുറ്റ്യാടി താലൂക്ക് ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും. മേഖലയിലെ റോഡുകളുടെ പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. കുറ്റ്യാടി ബൈപ്പാസ് റോഡ്, കുട്ടോത്ത് അട്ടക്കുണ്ട് റോഡ്, വില്യാപ്പള്ളി ഉൾപ്പെടെയുള്ള റോഡുകളുടെ പ്രവൃത്തി ത്വരിതപ്പെടുത്തും.
ലിേൻറാ ജോസഫ്
മലയോരത്തെ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ആദ്യം ചെയ്യുക. വന്യമൃഗശല്യം, കർഷകരുടെ ഭൂമിപ്രശ്നം എന്നിവ വലിയ പ്രശ്നമാണ്. ഇവ പരിഹരിക്കാൻ ശ്രമിക്കും.വയനാട്ടിലേക്കുള്ള ബദൽ പാതയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതക്കും മുഖ്യപരിഗണന നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.