കോഴിക്കോട്: ജില്ലയിൽ കോഴിക്കോട് സൗത്ത്, കല്ലാച്ചി, പാലാഴി, രാമനാട്ടുകര, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായി 44 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 17 കടകൾക്ക് പിഴ ഈടാക്കി. ഭക്ഷ്യസുരക്ഷ നിയമത്തിലെ വിവിധ ലംഘനങ്ങൾ കണ്ടെത്തിയ കടകൾക്കാണ് പിഴ നൽകിയത്.
മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രി കാന്റീൻ, പന്തീരങ്കാവ് കാഫിയ റസ്റ്റാറന്റ്, പന്തീരങ്കാവ് കസാമിയ റസ്റ്റാറന്റ്, ഹൈലൈറ്റ് മാൾ ചിക്കൂസ്, പൂവാട്ടുപറമ്പ് തലശ്ശേരി കിച്ചൻ, ഹോട്ടൽ സീക്വീൻ, ഹോട്ടൽ ഗ്രിൽ ലാൻഡ് എന്നീ സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി.
കല്ലാച്ചി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ പെടുന്ന കൃഷ്ണൻ എം.പി ഫിഷ് സ്റ്റാൾ, മരക്കാർ ബീഫ് സ്റ്റാൾ, അസ്മ ചിക്കൻ സ്റ്റാൾ, ബിസ്മില്ലാ ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ ലൈസൻസ് ഇല്ലാതെയും ശുചിത്വമില്ലാതെയും പ്രവർത്തിച്ചതിനു പിഴയിട്ടു. റഫീഖ് എന്നയാളുടെ കടയിൽനിന്നും രണ്ട് കിലോ ആവോലി, അബ്ദുൽ റഹിമാൻ എന്നയാളുടെ കടയിൽനിന്നും ഏഴ് കിലോ ആവോലി, കൃഷ്ണൻ എന്നയാളുടെ കടയിൽ നിന്നും 14 കിലോ മത്സ്യം എന്നിവ നശിപ്പിച്ചു.
പൊടിപടലങ്ങൾ ഏൽക്കുന്നവിധം ഷവർമ വിറ്റ ടീ കോർണർ എന്ന സ്ഥാപനത്തിനും പിഴയിടുകയും മാറ്റം വരുത്താൻ നോട്ടീസ് നൽകുകയും അഞ്ച് കിലോ ഷവർമ നശിപ്പിക്കുകയും ചെയ്തു. രാമനാട്ടുകര മത്സ്യ മാർക്കറ്റിൽനിന്നും അഞ്ചു കിലോ മോശം മത്സ്യം നശിപ്പിച്ചു.
ഫറോക്കിലെ ഗ്രിൽ ലാൻഡ് എന്ന സ്ഥാപനത്തിൽ അന്തരീക്ഷ ഊഷ്മാവിൽ അപകടകരമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന 55 കിലോ മാംസം നശിപ്പിച്ചു. മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ ഹോട്ടലിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ആറ് ഓയിൽ സാമ്പിളുകളും പാകം ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കൃത്രിമനിറത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി നാല് സാമ്പിളുകളും ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.