കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ. ഫാത്തിമ ബീയാണ് തട്ടിപ്പിനിരയായത്. ഇവർ സൈബർ പൊലീസിൽ നൽകിയ പരാതിയിൽ വെള്ളിയാഴ്ച പന്നിയങ്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ സെൽ പരാതി പന്നിയങ്കര പൊലീസിന് കൈമാറുകയായിരുന്നു.
വെള്ളിയാഴ്ച ബാങ്ക് അവധിയായതിനാൽ ബാങ്കിൽനിന്ന് പൊലീസിന് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത ദിവസംതന്നെ ബാങ്കിൽ നിന്നുള്ള വിവരങ്ങൾ തേടും. സൈബർ പൊലീസിന്റെ സഹകരണത്തോടെയാകും അന്വേഷണം. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെറൂട്ടി റോഡ് ശാഖയിലെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമായത്. ജൂലൈ 24 നും സെപ്റ്റംബർ 19നുമിടയിൽ വിവിധ തവണകളിലായി 500 മുതൽ ലക്ഷംവരെ തോതിലാണ് പണം പിൻവലിച്ചത്.
സംഭവത്തിൽ ബാങ്ക് അധികൃതർക്കും വീട്ടമ്മ പരാതി നൽകിയിട്ടുണ്ട്. എ.ടി.എം കാർഡില്ലാത്ത, ഓൺലൈൻവഴി പണമിടപാട് നടത്താത്ത അക്കൗണ്ടാണിത്. കഴിഞ്ഞദിവസം ബാങ്ക് പാസ് ബുക്ക് ഉപയോഗിച്ച് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് കണ്ടെത്തിയത്. അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പർ ആറു വർഷം മുമ്പ് ഇവർ ഉപേക്ഷിച്ചതാണ്. ഇക്കാര്യം ബാങ്കിനെ അറിയിച്ച് പുതിയ നമ്പർ നൽകിയെങ്കിലും ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല.
പഴയ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നയാളാകാം പണം പിൻവലിച്ചതെന്നാണ് സംശയം. അതിനിടെ പഴയ ഫോൺ നമ്പറിൽ കുടുംബം ബന്ധപ്പെട്ടപ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ട്. കൂടുതൽ തവണ വിളിച്ചപ്പോൾ ഭാഷ അറിയാത്തവരെപോലെ നടിച്ച് ഫോൺ എടുത്തെങ്കിലും പ്രതികരിച്ചില്ല. നിമിഷങ്ങൾക്കകം അസമിലെ പൊലീസ് എസ്.പിയാണെന്നും പറഞ്ഞ് മറ്റൊരു നമ്പറിൽ നിന്നും ഭീഷണി കോൾവരുകയും ചെയ്തു.
കൂടുതൽ കാര്യങ്ങൾ ചോദിച്ചതോടെ ഫോൺ കട്ടാക്കി. ഏത് അക്കൗണ്ടിലേക്കാണ് പണം പോയത് എന്ന വിവരം ബാങ്കിൽനിന്ന് ശേഖരിച്ച് ആ അക്കൗണ്ട് കേന്ദ്രീകരിച്ചാകും അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.