കോഴിക്കോട്: മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കായി 43.34 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇപ്പോഴുള്ള പദ്ധതികളുടെ പോരായ്മ തീർക്കണമെന്ന സംസ്ഥാന സർക്കാർ നിർദേശപ്രകാരമാണ് 33 പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചത്.
ഓവുചാലുകൾ വൃത്തിയാക്കാൻ അഞ്ച് കോടി രൂപ ചെലവിൽ യന്ത്രം വാങ്ങുന്നതടക്കമാണിത്. എന്നാൽ, ഇക്കാര്യത്തിൽ വിശദമായ ചർച്ച വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വിയോജനക്കുറിപ്പ് നൽകി. ചർച്ചകൾ അനുവദിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ കെ. മൊയ്തീൻ കോയ, കെ.സി. ശോഭിത, എസ്.കെ. അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കി ഇറങ്ങിപ്പോയി.
യു.ഡി.എഫ് ഇറങ്ങിപ്പോയതോടെ ബി.ജെ.പിയടക്കം മറ്റംഗങ്ങൾക്ക് എതിർപ്പില്ലെന്ന് അറിയിച്ചതിന്റെയടിസ്ഥാനത്തിൽ അജണ്ട അംഗീകരിക്കുകയായിരുന്നു. ഞെളിയൻപറമ്പിൽ കമ്പോസ്റ്റ് സംസ്കരണത്തിനുള്ള 12.5 കോടിയുടെ യന്ത്രം, വെസ്റ്റ്ഹില്ലിൽ അഞ്ച് കോടിയുടെ ആധുനിക സംസ്കരണ കേന്ദ്രം, മൂന്ന് കോടിയുടെ മെഡിക്കൽ കോളജ് ഡബിൾ ചേംബർ ഇൻസിനേറ്റർ, മൂന്ന് കോടിയുടെ ഞെളിയൻപറമ്പ് മലിനജല സംസ്കരണ പ്ലാന്റ്, ഹരിത കർമസേനക്ക് 10 ലക്ഷം രൂപ ചെലവിൽ മാലിന്യസംസ്കരണത്തിന് ചാക്ക് വാങ്ങൽ.
ഓരോ വീടിനും ഒരുകോടിയുടെ നാല് സഞ്ചികൾ വീതം വാങ്ങൽ, 50 ലക്ഷത്തിന് താത്ക്കാലിക മാലിന്യസംസ്കരണ കേന്ദ്രങ്ങളുണ്ടാക്കുക, 45 ലക്ഷത്തിന് പൊതു ടോയ് ലെറ്റിലും സ്കൂളിലും നാപ്കിൻ സംസ്കരണ യന്ത്രങ്ങൾ സ്ഥാപിക്കൽ, ജലാശയങ്ങൾക്കടുത്തുള്ള വീടുകളിൽ 25 ലക്ഷത്തിന്റെ സിന്തറ്റിക് സെപ്റ്റിക് ടാങ്ക്, ഒരു കോടിക്ക് മൂന്ന് വലിയ മാലിന്യ ടിപ്പർ, 1.4 കോടിക്ക് ഏഴ് ചെറിയ വണ്ടികൾ തുടങ്ങിയവ പുതിയതായി നടപ്പാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.