കോഴിക്കോട്: നല്ലളം സ്വദേശിയായ പ്രവാസിയിൽ നിന്ന് ഓൺലൈനായി 20 ലക്ഷം തട്ടിയ നൈജീരിയൻ സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് അന്വേഷണസംഘം. അറസ്റ്റിലായവരിൽ നിന്ന് മറ്റു രണ്ടുപേരുടെ വിവരങ്ങൾ ലഭ്യമായെങ്കിലും അവർ ബംഗളൂരുവിലെ താമസസ്ഥലത്തുനിന്ന് മുങ്ങി. ഇവർക്കായി വിവിധയിടങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കോഴിക്കോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൈജീരിയക്കാരൻ ഡാനിയൽ ഒയ്‍വാലേ ഒലയിങ്കയാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ മൂന്നുപേർക്കുകൂടി പങ്കാളിത്തമുണ്ടെന്ന് വ്യക്തമായി. ഇതിലൊരാളായ ഇമ്മാനുവൽ ജയിംസ് ലെഗ്ബതിയെ അടുത്തദിവസം ബംഗളൂരുവിൽ നിന്ന് പിടികൂടി.
എന്നാൽ മറ്റുരണ്ടുപേരെ കണ്ടെത്താനായില്ല. രണ്ടുപേരുടെയും വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും ഇരുവർക്കുമായി തിരച്ചിൽ ഊർജിതമാക്കിയെന്നും സൈബർ പൊലീസ് ഇൻസ്‍പെക്ടർ ദിനേശ് കോറോത്ത് പറഞ്ഞു.
പ്രതികൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയതായും സൂചനയുണ്ട്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളുടെ വിദഗ്ധ പരിശോധക്കുശേഷമെ ഇക്കാര്യത്തിൽ വ്യക്തത വരൂ. അതിന് കൂടുതൽ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടിപ്പിനുപയോഗിച്ച സിംകാർഡ്, മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവയാണ് അറസ്റ്റിലായവരിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ബംഗളൂരു വിദ്യാരണ്യപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ വിലാസത്തിൽ അനധികൃതമായി താമസിച്ചാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
ഒ.എൽ.എക്സ് സൈറ്റിൽ വിൽപനക്കുവെച്ച ആപ്പിൾ ഐപാഡ് 65,000 രൂപക്ക് വാങ്ങാനെന്ന വ്യാജേനയാണ് പ്രതി നല്ലളം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്. അമേരിക്കയിലെ വെൽ ഫാർഗോ ബാങ്കിന്റെതെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഡൊമെയ്ൻ നിർമിച്ച് പണം അയച്ചതിന്റെ വ്യാജ രസീത് ഇ-മെയിൽ വഴി അയക്കുകയും വ്യാജ നമ്പറുകളിലുള്ള വാട്സ്ആപ് അക്കൗണ്ടുവഴിയും ആർ.ബി.ഐ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇ-മെയിലുകൾ അയച്ചുമായിരുന്നു തട്ടിപ്പ്.
വൻതുക ലഭിക്കാനുള്ള അക്കൗണ്ടിന്റെ പ്രൊസസിങ് ഫീസ്, അക്കൗണ്ട് ആക്ടിവേഷൻ പ്രൊസസിങ് ചാർജ് എന്നിങ്ങനെ പറഞ്ഞ് 20 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. ഫെബ്രുവരിയിലും മാർച്ചിലുമായാണ് പലതവണകളായി പണം തട്ടിയത്.
നിരവധി ഫോൺ കാൾ രേഖകൾ പരിശോധിച്ചും ഒട്ടേറെ മൊബൈൽ ഫോണുകളും മറ്റ് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ചുമാണ് സൈബർ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.