കോഴിക്കോട്: ഇടിവെട്ടി കനത്തുപെയ്ത മഴയിലും വീര്യം കെടാതെ 65ാമത് കോഴിക്കോട് റവന്യു ജില്ല സ്കൂൾ കായികമേളക്ക് കൊടിയേറ്റം. മഴക്കുമുന്നിൽ വിറങ്ങലിക്കാത്ത വീറും വാശിയുമായി കൗമാരതാരങ്ങൾ കത്തിക്കയറിയ മെഡിക്കൽ കോളജ് കാമ്പസിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആദ്യ ദിനം സ്വന്തമാക്കിയത് പേരാമ്പ്ര ഉപജില്ലയുടെ ചുണക്കുട്ടികൾ.
സെന്റ് ജോർജ്സ് കുളത്തുവയലിന്റെ കരുത്തിൽ ആറ് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി 51 പോയന്റോടെയാണ് പേരാമ്പ്രയുടെ കുതിപ്പ്. നിലവിലെ ചാമ്പ്യന്മാരായ മുക്കം ഉപജില്ലയെ ആദ്യദിനം പിന്നിലാക്കിയാണ് പേരാമ്പ്ര കുതിച്ചത്. നാലു സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമായി മുക്കം തൊട്ടുപിന്നാലെയുണ്ട്. നാലു വീതം സ്വർണവും വെള്ളിയും വെങ്കലവുമായി മേലടി ഉപജില്ലയും 45 പോയന്റുമായി ഒപ്പത്തിനൊപ്പമുണ്ട്.
മൂന്നു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ 22 പോയന്റുമായി കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസ്.എസാണ് സ്കൂളുകളിൽ ഒന്നാമത്. ഒരു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും നേടി മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് രണ്ടാമതും മൂന്ന് സ്വർണവും ഒരു വെങ്കലവുമായി പൂവമ്പായി എ.എം.എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പോയന്റ് നേടിയ പുല്ലൂരാമ്പാറ സെന്റ് ജോസഫ് എച്ച്.എസ് ആദ്യ ദിനം നാലാമതാണ്.
കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ പതാക ഉയർത്തിയതോടെയാണ് 65ാമത് കായിക മേളക്ക് തുടക്കമായത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിസന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സ്പോർട്സ് ഓർഗനൈസിങ് സെക്രട്ടറി ടി.എം. സുബൈർ റിപ്പോർട്ട് അവതരിപ്പിച്ചു. മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ കമാൽ വരദൂർ, സ്പോർട്സ് കോഓഡിനേറ്റർ ഡോ. എം. ഷിംജിത്ത്, മീഡിയ ആൻഡ് പബ്ലിസിറ്റി, കൺവീനർ ആർ.കെ. ഷാഫി, ജില്ല സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹിമാൻ, ജോയന്റ് കൺവീനർ മുജീബ് ചളിക്കോട് തുടങ്ങിയവർ സംബന്ധിച്ചു. ഡി.ഡി.ഇ സി. മനോജ് കുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ എ.കെ. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
ഒളിമ്പ്യൻ റഹ്മാന്റെ ഖബറിടത്തിൽനിന്ന് തെളിയിച്ച ദീപശിഖ അത് ലറ്റുകൾ സ്റ്റേഡിയത്തിൽ തെളിയിച്ചു. 17 സബ് ജില്ലകളിൽനിന്ന് 3500 കായികതാരങ്ങളാണ് മാറ്റുരക്കുന്നത്. മേള ശനിയാഴ്ച സമാപിക്കും. സമാപന പരിപാടി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ വിജയികൾക്ക് ട്രാഫികൾ സമ്മാനിക്കും.
തെളിഞ്ഞ മാനം കണ്ടുകൊണ്ടായിരുന്നു റവന്യു ജില്ല സ്കൂൾ കായികമേളക്ക് മെഡിക്കൽ കോളജ് കാമ്പസിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ കൊടിയുയർന്നത്. ഉച്ചവരെ തെളിഞ്ഞുനിന്ന ആകാശം ഉച്ചക്കുശേഷം ഇരുണ്ടുകയറി. മൂന്നു മണിയോടെ തട്ടുതകർപ്പൻ മഴ. അകമ്പടിയായി ഇടിയുടെ നാദം. പക്ഷേ, അതൊന്നും വകവെക്കാതെ വീറോടെ കൗമാരതാരങ്ങൾ ട്രാക്കിലും ഫീൽഡിലും കരുത്തുരച്ചു. ജൂനിയർ, സബ് ജൂനിയർ 400 മീറ്റർ ഫൈനലുകൾ തകർപ്പൻ മഴയിലാണ് നടന്നത്. മഴപെയ്ത് വെള്ളം കെട്ടിയ സിന്തറ്റിക് ട്രാക്കിലൂടെ താരങ്ങൾ കുതിച്ചപ്പോൾ കുടചൂടിയും മഴനനഞ്ഞും ഒഫീഷ്യലുകൾ പാടുപെട്ടാണ് മത്സരം നിയന്ത്രിച്ചത്. അതിനിടയിൽ ഇടികൂടി ശക്തമായപ്പോൾ മത്സരങ്ങൾ നിർത്തിവെക്കേണ്ടിവന്നു. ആദ്യ ദിനം 26 ഫൈനലുകളാണ് നിശ്ചയിച്ചിരുന്നത്. പക്ഷേ, ഷെഡ്യുളുകൾ തകിടം മറിച്ച് മഴ കനത്തതോടെ 18 ഫൈനലുകൾ മാത്രമേ നടത്താനായുള്ളു. ത്രോ, ജംപ് ഇനങ്ങളിലെ എട്ട് ഫൈനലുകൾ വെള്ളിയാഴ്ചത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.