കോഴിക്കോട്: നഗര റോഡുകളിൽ തടസ്സങ്ങളും അപകടവും കൂടിയ സാഹചര്യത്തിൽ അനധികൃത കച്ചവടം തടയുന്നതിന് കർശന നടപടിയെടുക്കാൻ നഗരസഭ കൗൺസിൽ തീരുമാനം. ഇതിന്റെ ഭാഗമായി കോതിപ്പാലം മുതൽ സൗത് ബീച്ച് വരെയുള്ള മുഴുവൻ റോഡ് കൈയേറ്റവും ഒഴിപ്പിക്കാൻ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രത്യേക ദൗത്യ സംഘമുണ്ടാക്കി ഒരാഴ്ചക്കകം മുഖം നോക്കാതെ നടപടിയെടുക്കും.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ച് മറ്റു ഭാഗങ്ങളിലും നടപടിയെടുക്കും. എസ്.കെ. അബൂബക്കർ, ടി.കെ. ചന്ദ്രൻ എന്നിവരാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കഴിഞ്ഞദിവസം അപകടത്തിൽ രണ്ടുപേർ മരിച്ച എൽ.ഐ.സിക്ക് മുന്നിൽ അനാവശ്യ ഡിവൈഡറുകളും മറ്റുമാണ് അപകടത്തിനിടയാക്കിയതെന്നും ഈ ഭാഗത്തെ റോഡിലെ കച്ചവടം തടയണമെന്നും കെ. മൊയ്തീൻ കോയ ആവശ്യപ്പെട്ടു.
ജനകീയ പങ്കാളിത്തത്തോടെ നഗര ഗതാഗതം ആസൂത്രണം ചെയ്യണമെന്നും ആവശ്യമുയർന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ പുതിയ റോഡുകൾ പോലും മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി കുത്തിക്കുഴിക്കുന്നതിനെതിരെ എം. ബിജുലാൽ ശ്രദ്ധ ക്ഷണിച്ചു.
റോഡുകളിൽ കേബിളുകൾ അപകടം വരുത്തുന്നതിനെതിരെ അൽഫോൻസ മാത്യുവും ശ്രദ്ധ ക്ഷണിച്ചു. കൗൺസിലർമാരുമായി ബന്ധപ്പെടാതെ റോഡിൽ കുഴിയെടുക്കുന്നത് തുടരുകയാണെന്നും പല സ്വകാര്യ കമ്പനികളും തങ്ങളുടെ പേര് കേബിളുകിൽ അടയാളപ്പെടുത്തണമെന്ന നിർദേശം പാലിക്കുന്നില്ലെന്നും പരാതിയുയർന്നു. ഈ സാഹചര്യത്തിൽ മേയറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.